ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ റേറ്റിങ് സംവിധാനത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക പരിഷ്കാരങ്ങൾ ഏർപ്പെടുത്തി കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം. ചാനലുകൾ റേറ്റിങ് വർധിപ്പിക്കാനായി വ്യാപകമായി ഉപയോഗിച്ചിരുന്ന ‘ലാൻഡിങ് പേജ്’ വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിനായി പരിഗണിക്കില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ലാൻഡിങ് പേജുകളെ കേവലം ഒരു മാർക്കറ്റിങ് ഉപകരണമായി മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കൂ എന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
റേറ്റിങ് സംവിധാനത്തിലെ കൃത്രിമങ്ങൾ തടയുന്നതിനും കൂടുതൽ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇതിന്റെ ഭാഗമായി റേറ്റിങ് ഏജൻസികൾ വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനും നിർദേശമുണ്ട്. നിലവിലുള്ളതിന് പുറമെ 80,000 വീടുകളിൽ കൂടി പുതുതായി മീറ്ററുകൾ ഘടിപ്പിക്കണം. ഡാറ്റ ശേഖരിക്കുന്ന രീതിയും അളക്കുന്ന മാനദണ്ഡങ്ങളും ഏജൻസികൾ സ്വന്തം വെബ്‌സൈറ്റുകളിൽ പരസ്യപ്പെടുത്തണമെന്നും കേന്ദ്രം കർശന നിർദേശം നൽകി.
റേറ്റിങ് ഏജൻസികളുടെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാൻ ഭരണപരമായ മാറ്റങ്ങളും മന്ത്രാലയം വിഭാവനം ചെയ്യുന്നുണ്ട്. റേറ്റിങ് ഏജൻസികളുടെ ഡയറക്ടർ ബോർഡിലെ 50 ശതമാനം പേർക്കും പ്രക്ഷേപകർ , പരസ്യദാതാക്കൾ, പരസ്യ ഏജൻസികൾ എന്നിവരുമായി യാതൊരുവിധ സാമ്പത്തികമോ ഔദ്യോഗികമോ ആയ ബന്ധമുണ്ടാകാൻ പാടില്ല. നിഷ്പക്ഷമായ റേറ്റിങ് ഉറപ്പാക്കാനാണ് ഈ നിയന്ത്രണം.
ആഗോള അയ്യപ്പസംഗമത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; ടെൻഡറില്ലാതെ എട്ടു കോടിയുടെ കരാർ; ; ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്!
അതേസമയം, ടിവി റേറ്റിങ് ഏജൻസികൾക്കുള്ള ആസ്തി മാനദണ്ഡങ്ങളിൽ മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ഏജൻസികൾക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കുന്നതിനാണ് ഈ ലഘൂകരണം. വർഷങ്ങളായി വാർത്താ ചാനലുകൾ ഉൾപ്പെടെയുള്ള പ്രക്ഷേപകർക്കിടയിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കും റേറ്റിങ്ങിലെ ക്രമക്കേടുകൾക്കും പുതിയ പരിഷ്കാരങ്ങൾ അറുതി വരുത്തുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.


മെറിന് ജോസഫ് കോഴിക്കോട് കമ്മീഷണര്‍; ജയദേവ് പോലീസ് ആസ്ഥാനത്തേക്ക്; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല; ഐ.എ.എസ്, ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി; അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്; ഞെട്ടി സംസ്ഥാന സര്‍ക്കാര്‍





