കര്‍ണാടകയിലും ബുള്‍ഡോസര്‍ രാജ് ; ബാംഗളൂരിലെ കുടിയൊഴിപ്പിക്കല്‍ മനുഷ്യാവകാശ ലംഘനം;വെറുപ്പിന്റെ കമ്പോളത്തിലെ ‘സ്‌നേഹക്കട’ കാപട്യമെന്ന് പി.ഡി.പി.

Buldosar-raj-karnataka

തിരുവനന്തപുരം: ബാംഗളൂര്‍ നഗരപരിധിയോടടുത്ത യലഹങ്കയ്ക്ക് സമീപം കോഗിലു ഗ്രാമത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളും അതിദരിദ്രരുമടങ്ങുന്ന സമൂഹം താമസിച്ചിരുന്ന നാനൂറിലധികം കുടിലുകളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു തരിപ്പണമാക്കി മൂവായിരത്തോളം പേരെ കുടിയൊഴിപ്പിച്ച നടപടി കടുത്ത പ്രതിഷേധാര്‍ഹമാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) കേന്ദ്രകമ്മിറ്റി അറിയിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന ‘ബുള്‍ഡോസര്‍ രാജ്’ നയത്തിന്റെ ആവര്‍ത്തനം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരില്‍ നിന്നുണ്ടായത്, ‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട’ തുറക്കുന്നുവെന്ന രാഷ്ട്രീയവാദം കാപട്യമാണെന്ന് തെളിയിക്കുന്നതാണെന്ന് പി.ഡി.പി. ചൂണ്ടിക്കാട്ടി. നിയമപരമായ കൈവശാവകാശം നിലനില്‍ക്കെ, പുലര്‍ച്ചെ നാലുമണിയോടെ ബുള്‍ഡോസറുകള്‍ ഇറക്കി വീടുകള്‍ ഇടിച്ചു നിരത്തി ജനങ്ങളെ ഡിസംബറിലെ കൊടുംതണുപ്പില്‍ തെരുവിലാക്കിയത് മനുഷ്യത്വരഹിതവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും പാര്‍ട്ടി ആരോപിച്ചു.

പി.ഡി.പി. വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, കുടിയൊഴിപ്പിക്കപ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ഉടന്‍ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, സുരക്ഷിതമായ താമസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം ഭരണകൂട നടപടികളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒന്നിച്ച് ചെറുത്തുതോല്‍പ്പിക്കണമെന്നും, പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബാംഗളൂര്‍ പോലുള്ള മഹാനഗരങ്ങളില്‍ വികസനത്തിന്റെ പേരില്‍ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ബലിയാടാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പി.ഡി.പി., മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും സംരക്ഷിക്കപ്പെടാതെ ‘വികസനം’ സാധ്യമല്ലെന്നും പിഡിപി പ്രസ്താവനയിലൂടെ അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.