പാലക്കാട് / തിരുവനന്തപുരം: പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിനെതിരെ നടന്ന ആക്രമണവും, തിരുവനന്തപുരം ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷം സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിവെച്ചതും സംഘപരിവാര്‍ തുടര്‍ന്നുവരുന്ന അസഹിഷ്ണുതയുടെയും ദേശീയതലത്തിലെ ആസൂത്രിതമായ ന്യൂനപക്ഷ വേട്ടയുടെയും ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് (Ansari Enath) ആരോപിച്ചു.
ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളുടെയും ഭീഷണികളുടെയും തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഭഗല്‍പൂര്‍, ജബല്‍പൂര്‍, ഹരിദ്വാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബജ്രംഗ്ദള് നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നു. ഇവയെല്ലാം ചേര്‍ന്നുനോക്കുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായി രാജ്യത്ത് സംഘടിത അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി കാണാം.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലം മുതല്‍ ഭരണകൂടത്തിന്റെ തണലില്‍ ന്യൂനപക്ഷ വേട്ട ശക്തിപ്പെട്ടുവെന്നത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും മതേതരവുമായ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര നിരീക്ഷകര്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എ. പദ്മകുമാറിന് ജാമ്യം; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതി
കേരളത്തില്‍ പോലും വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാക്കാന്‍, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുതന്നെ കാസ പോലുള്ള ഗ്രൂപ്പുകളെ സൃഷ്ടിച്ച് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മാനസിക അകലം ഉണ്ടാക്കുന്ന തന്ത്രമാണ് സംഘപരിവാര്‍ നടപ്പാക്കുന്നതെന്ന് അന്‍സാരി ഏനാത്ത് ആരോപിച്ചു.ഇത്തരം വിദ്വേഷ പ്രചാരകരെ നിയന്ത്രിക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാരും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരേന്ത്യന്‍ മോഡലിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ വേട്ടയും കേരളത്തില്‍ ആവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. മതസൗഹാര്‍ദവും സാമൂഹിക ഐക്യവും കേരളത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും, അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ മൗനം പാലിക്കാതെ,കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് ഇത്തരം ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഓപ്പറേഷൻ നുംഖോർ ; ദുൽഖർ സൽമാന്റെ വാഹനം വീണ്ടും പിടിച്ചെടുത്ത് കസ്റ്റംസ്





