അഞ്ചരക്കണ്ടിയില്‍ പ്രതിഷേധക്കടല്‍; ദന്തല്‍ കോളേജ് അടച്ചുപൂട്ടി, എച്ച്.ഒ.ഡി ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക സംഘം; പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍?

കണ്ണൂര്‍: ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് അഞ്ചരക്കണ്ടി കണ്ണൂര്‍ ദന്തല്‍ കോളേജില്‍ പ്രതിഷേധം ഇരമ്പുന്നു. വിദ്യാര്‍ത്ഥികളുടെ ബഹിഷ്‌കരണ സമരം ശക്തമായതോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. വിഷു അവധിയാണെന്ന് അധികൃതര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും, സഹപാഠിയുടെ വേര്‍പാടില്‍ നടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ക്ലാസുകള്‍ ബഹിഷ്‌കരിച്ചതാണ് കോളേജ് പൂട്ടാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. പല വിദ്യാര്‍ത്ഥികളും ഭയചകിതരായി ടി.സി വാങ്ങിപ്പോകാന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 19-ന് ക്ലാസുകള്‍ പുനരാരംഭിക്കുമെന്നാണ് അറിയിപ്പ്.
നിതിന്‍ രാജിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വകുപ്പ് അധ്യക്ഷന്‍ ഡോ. എം.കെ റാമിനെതിരെ കുരുക്ക് മുറുകുകയാണ്. ജാതി അധിക്ഷേപവും ശാരീരിക പീഡനവും ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഡോ. റാമിനെതിരെ ഉയര്‍ന്നിട്ടുള്ളത്. കേസിലെ പ്രതികളായ ഡോ. റാമും ഡോ. സംഗീത നമ്പ്യാരും നിലവില്‍ ഒളിവിലാണ്. ഡോ. റാമിനെതിരെ മുമ്പും പരാതികള്‍ ഉണ്ടായിട്ടും മാനേജ്മെന്റ് ഒത്തുകളിച്ചുവെന്ന ആക്ഷേപം ശക്തമാണ്. നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരില്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ നിരന്തരം അധിക്ഷേപിച്ചിരുന്നതായി സഹപാഠികള്‍ വെളിപ്പെടുത്തി.
കേരളാ പോലീസ് രൂപീകരിച്ച ഏഴംഗ പ്രത്യേക അന്വേഷണ സംഘം നിതിന്‍ രാജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. നിതിന്‍ ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതികളെ വലയിലാക്കാനാണ് പോലീസിന്റെ നീക്കം.
നിതിന്‍ രാജിന്റെ പിതാവ് രാജന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖരനെ കണ്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. ‘മകന്റെ മരണത്തിന് ശേഷമാണ് പല ക്രൂരതകളും പുറത്തുവരുന്നത്. വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രതികരിച്ചിരുന്നെങ്കില്‍ മകന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു,’ എന്ന് വിതുമ്പലോടെ രാജന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി നിതിന്‍ തന്നെയാണ് ലോണ്‍ ക്രമീകരിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ ദേശീയ എസ്.സി/എസ്.ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അഞ്ച് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ക്യാമ്പസിലേക്ക് കെ.എസ്.യു, എം.എസ്.എഫ്, മഹിളാ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.