തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർത്ഥിയായേക്കും; സുരേഷ് ഗോപിയുടെ പിന്തുണ ഉറപ്പാക്കാൻ നീക്കം.

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങുന്നു. പത്മജ തന്നെ മത്സരരംഗത്തിറങ്ങണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് കർശന നിർദ്ദേശം നൽകി. നേരത്തെ സജീവ രാഷ്ട്രീയ മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുമെന്നും ഗവർണ്ണർ പദവി ലഭിക്കുമെന്നും കരുതിയിരുന്ന പത്മജയെ അപ്രതീക്ഷിതമായാണ് ബിജെപി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്.

എന്നാൽ, മത്സരത്തിന് ഇറങ്ങുന്നതിന് പത്മജ ഒരു പ്രധാന ഉപാധി മുന്നോട്ടുവെച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പൂർണ്ണ പിന്തുണയും സാന്നിധ്യവും മണ്ഡലത്തിൽ ഉണ്ടാവണമെന്നാണ് പത്മജയുടെ ആവശ്യം. തന്റെ പ്രചാരണത്തിന്റെ പൂർണ്ണ ചുമതല സുരേഷ് ഗോപി ഏറ്റെടുക്കണമെന്നും അദ്ദേഹം മണ്ഡലത്തിൽ സജീവമായി ഉണ്ടാകണമെന്നും പത്മജ നേതൃത്വത്തെ അറിയിച്ചു. സുരേഷ് ഗോപിയുടെ പിന്തുണയില്ലാതെ മത്സരിക്കാനില്ലെന്ന നിലപാടിൽ പത്മജ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ നടന്നേക്കും.

മണ്ഡലത്തിൽ നേരത്തെ പരിഗണിച്ചിരുന്ന എം.ടി. രമേശിനെ കോഴിക്കോട്ടേക്ക് മാറ്റാനും ധാരണയായിട്ടുണ്ട്. കെ. കരുണാകരന്റെ തട്ടകത്തിൽ മകൾ ബിജെപി ടിക്കറ്റിൽ എത്തുന്നതോടെ മത്സരം പ്രവചനാതീതമാകും. തൃശൂരിലോ ഗുരുവായൂരിലോ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന കെ. മുരളീധരനെ കോൺഗ്രസ് പാലക്കാട് മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന സാഹചര്യത്തിലാണ് പത്മജയുടെ ഈ തീരുമാനം. സഹോദരനും സഹോദരിയും രണ്ട് മുന്നണികളിലായി നേർക്കുനേർ വരുന്നത് ഒഴിവാകുമെങ്കിലും തൃശൂരിലെ തിരഞ്ഞെടുപ്പ് ചിത്രം ഇതോടെ സങ്കീർണ്ണമായിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.