കൊല്ലം: നിയമസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പുകഞ്ഞ അതൃപ്തി പരസ്യമായ പൊട്ടിത്തെറിയിലേക്ക്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരുടെ ഗ്രൂപ്പുകളെ പൂര്‍ണ്ണമായും നിഷ്പ്രഭമാക്കി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പിടിമുറുക്കിയതാണ് പാര്‍ട്ടിക്കുള്ളില്‍ വലിയ കലഹത്തിന് വഴിവെച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് ഒരു ‘ഈവന്റ് മാനേജ്മെന്റ്’ ശൈലിയില്‍ പാര്‍ട്ടി മുന്നോട്ടുപോകുന്നതിനെതിരെ ആര്‍എസ്എസ് നേതൃത്വത്തിനും കേന്ദ്രത്തിനും പരാതികള്‍ പ്രവഹിക്കുകയാണ്.
കുമ്മനം രാജശേഖരന്‍, പി.എസ്. ശ്രീധരന്‍പിള്ള, എം.ടി. രമേശ് തുടങ്ങിയ വമ്പന്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി. തൃശൂരില്‍ മത്സരിക്കാന്‍ താല്പര്യപ്പെട്ട എം.ടി രമേശിനെ വെട്ടി പത്മജ വേണുഗോപാലിനെ ഇറക്കിയതാണ് രമേശിനെ ചൊടിപ്പിച്ചത്. ഇതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു. ബി. ഗോപാലകൃഷ്ണന്‍, ജെ.ആര്‍ പത്മകുമാര്‍ തുടങ്ങിയ രണ്ടാം നിര നേതാക്കള്‍ക്കും സീറ്റ് നല്‍കാതെ ഘടകകക്ഷികള്‍ക്ക് വാരിക്കോരി നല്‍കിയതാണ് പ്രധാന ആക്ഷേപം. ശ്രീധരന്‍ പിള്ള തീര്‍ത്തും അതൃപ്തിയിലാണ്.
എ ക്ലാസ് മണ്ഡലങ്ങളില്‍ അമര്‍ഷം
ചെങ്ങന്നൂര്‍: എ ക്ലാസ് മണ്ഡലമായ ഇവിടെ എ.വി. ഗോപകുമാറിനെ നിര്‍ത്തിയത് സിപിഎമ്മുമായുള്ള ‘അഡ്ജസ്റ്റ്മെന്റ്’ ആണെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആരോപണം. സന്ദീപ് വചസ്പതിയെയോ ശ്രീധരന്‍പിള്ളയെയോ പ്രതീക്ഷിച്ച ഇടത്താണ് ഈ അപ്രതീക്ഷിത നീക്കം.
റാന്നി & ആറന്മുള: ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലം ട്വന്റി ട്വന്റിക്ക് നല്‍കിയതും ആറന്മുളയില്‍ കുമ്മനത്തെ തഴഞ്ഞതും ആര്‍എസ്എസ് പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി: സീറ്റ് നിഷേധിക്കപ്പെട്ട ന്യൂനപക്ഷ മോര്‍ച്ച നേതാവ് നോബിള്‍ മാത്യുവിനെ സസ്പെന്‍ഡ് ചെയ്യേണ്ടി വന്നത് നേതൃത്വത്തിന് തിരിച്ചടിയായി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നോബിള്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്.
കൊടുങ്ങല്ലൂരിലും തൃപ്പൂണിത്തുറയിലും കളമശ്ശേരിയിലും ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കിയതില്‍ വലിയ മുറുമുറുപ്പുണ്ട്. ഗുരുവായൂരില്‍ ജില്ലാ കമ്മിറ്റിയംഗം കെ.കെ. സുമേഷ് കുമാര്‍ പാര്‍ട്ടി വിട്ടത് പ്രതിഷേധം പരസ്യമായതിന്റെ തെളിവാണ്. പി.സി. ജോര്‍ജിനും മകനും സീറ്റ് നല്‍കിയതിലും പ്രാദേശിക ഭാരവാഹികള്‍ക്ക് എതിര്‍പ്പുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഇഷ്ടക്കാരെ മാത്രം തിരുകിക്കയറ്റി തയ്യാറാക്കിയ പട്ടിക പാര്‍ട്ടിയെ തകര്‍ക്കുമെന്നാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ മുന്നറിയിപ്പ്.
അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാന്‍ പ്രകാശ് ജാവദേക്കര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നുറപ്പാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജികള്‍ ഉണ്ടാകുമോ എന്നാണ് ഉറ്റു നോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

രാഹുലിനെ പൂട്ടാന്‍ ‘കാപ്പ’ വരുമോ? നിയമ ലോകത്ത് ആകാംക്ഷ! നിയമോപദേശം തേടുന്നു, അഡ്വക്കേറ്റ് ജനറലിന്റെ മറുപടി നിര്‍ണ്ണായകം





