കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ത്രീയെ പീഡിപ്പിച്ച കേസ്: കുപ്രസിദ്ധ ഗുണ്ട ‘ബ്രൂസിലി ഷിബു’ ഒടുവില്‍ പിടിയില്‍; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് കാട്ടാക്കട പോലീസ് പൊക്കി; ലഹരി മാഫിയാ തലവന്‍ കുടുങ്ങി

തിരുവനന്തപുരം/കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ ലഹരി മാഫിയാ തലവനുമായ പന്നിയോട് സ്വദേശി ‘ബ്രൂസിലി ഷിബു’ (ഷിബു) ഒടുവില്‍ പോലീസ് പിടിയിലായി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പോലീസിന്റെ കണ്ണ് വെട്ടിച്ച് തമിഴ്നാട്ടിലേക്ക് ഒളിവില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതീവ രഹസ്യമായ നീക്കത്തിലൂടെ കാട്ടാക്കട പോലീസ് സംഘം ഇയാളെ അതിര്‍ത്തിയില്‍ വെച്ച് പിടികൂടിയത്. മേഖലയിലെ നിരവധി കഞ്ചാവ്, ഗുണ്ടാ കേസുകളില്‍ പ്രതിയായ ഇയാളുടെ അറസ്റ്റ് നാട്ടുകാര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
കഴിഞ്ഞ മേയ് 9-ാം തീയതി പുലര്‍ച്ചെ 1.30 ഓടെയായിരുന്നു കാട്ടാക്കട ഡിപ്പോയെയും തലസ്ഥാന നഗരത്തെയും നടുക്കിയ കടുംകൈ അരങ്ങേറിയത്. കെഎസ്ആര്‍ടിസി ഡിപ്പോ ഓഫീസിന് മുന്നിലെ ബെഞ്ചില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മനോവൈകല്യമുള്ള സ്ത്രീയെ ഷിബു ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ ഡിപ്പോ അധികൃതര്‍ സംശയം തോന്നി സിസിടിവി  ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്റ്റാന്‍ഡിനകത്ത് നടന്ന ക്രൂരത പുറംലോകം അറിയുന്നത്. തുടര്‍ന്ന് അധികൃതര്‍ ഉടനടി കാട്ടാക്കട പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കാട്ടാക്കട പോലീസ്, അതിക്രമം നടത്തിയത് പ്രദേശത്തെ സ്ഥിരം കുറ്റവാളിയായ ബ്രൂസിലി ഷിബുവാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ പ്രതി ഒളിവില്‍ പോയിരുന്നു. ഇയാള്‍ തമിഴ്നാട്ടിലെ ലഹരി ശൃംഖലകളുടെ സഹായത്തോടെ സംസ്ഥാനം വിടാന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തമിഴ്നാട് അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.
പ്രദേശത്തെ പ്രധാന കഞ്ചാവ്-എംഡിഎംഎ വിതരണക്കാരനാണ് പിടിയിലായ ബ്രൂസിലി ഷിബു എന്ന് പോലീസ് വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ലഹരില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ അശരണയായ സ്ത്രീയെ ലക്ഷ്യമിട്ടത്. ഇയാള്‍ക്കെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. അതേസമയം, അതിക്രമത്തിന് ഇരയായ സ്ത്രീയെ കാട്ടാക്കട പോലീസ് മുന്‍പ് തന്നെ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് സുരക്ഷിതമായി കണ്ടെത്തുകയും വൈദ്യപരിശോധനകള്‍ക്ക് ശേഷം തണല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രതിയെ നിലവില്‍ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നും നിയമനടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും കാട്ടാക്കട പോലീസ് അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.