കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതികളെ സിനിമയെ വെല്ലുന്ന സാഹസിക നീക്കത്തിലൂടെ പോലീസ് വലയിലാക്കി. കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുള്ള കൊലയാളി സംഘത്തിന്റെ പ്ലാന്‍ റോഡുകള്‍ ബ്ലോക്ക് ചെയ്ത് പോലീസ് പൊളിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മുണ്ടക്കയം മുരിക്കുംവയലില്‍ വെച്ചാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേര്‍ പിടിയിലായത്. ഇതോടെ കേസിലെ എട്ടു പ്രതികളും പോലീസിന്റെ പിടിയിലായി.
പോലീസിനെ വെട്ടിച്ച് കാറില്‍ തമിഴ്‌നാട് ലക്ഷ്യമാക്കി പാഞ്ഞ പ്രതികള്‍ രാത്രി പത്തരയോടെ എരുമേലി വഴി മുണ്ടക്കയം ഭാഗത്തേക്ക് കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ അതീവ ജാഗ്രതയിലായി. മുണ്ടക്കയത്ത് വെച്ച് പോലീസിനെ കണ്ടതോടെ വിരണ്ട പ്രതികള്‍ വാഹനം വെട്ടിച്ച് തിരികെ എരുമേലി ഭാഗത്തേക്ക് തന്നെ പാഞ്ഞു. എന്നാല്‍ പ്രതികള്‍ കടന്നുപോകാന്‍ സാധ്യതയുള്ള വഴികളിലെല്ലാം പോലീസ് ബസ്സുകള്‍ കുറുകെയിട്ട് പത്മവ്യൂഹം തീര്‍ത്തിരുന്നു. ഇതോടെ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ സംഘം വഴിമുട്ടി.
പോലീസിനെ പറ്റിച്ച് ഒരുവിധത്തില്‍ മുരിക്കുംവയല്‍ സ്‌കൂളിന് സമീപമെത്തിയ പ്രതികള്‍ അവിടെയുള്ള ഒരു വീടിന് പിന്നിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങിയതാണ് ഒടുവില്‍ വിനയായത്. വാഹനത്തിന്റെ കേടുപാടുകളും ഇവരുടെ അസ്വാഭാവിക പെരുമാറ്റവും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ നാട്ടുകാര്‍ വിവരം കൈമാറിയതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു. കൊല്ലത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘവും പ്രതികളെ പിന്തുടര്‍ന്ന് സ്ഥലത്തെത്തിയിരുന്നു. പിടിയിലായ നാലുപേരെയും പിന്നീട് കൊല്ലം പോലീസിന് കൈമാറി.
രക്തദാഹികളായ ഗുണ്ടാസംഘത്തെ തന്ത്രപരമായി കുടുക്കിയ പോലീസിനെ നാട്ടുകാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. പ്രതികളെ കണ്ടെത്താന്‍ സഹായിച്ച നാട്ടുകാര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരും നന്ദി അറിയിച്ചു. കരുനാഗപ്പള്ളി നഗരത്തെ നടുക്കിയ ക്രൂരകൃത്യത്തിലെ എല്ലാ പ്രതികളും പിടിയിലായതോടെ, വരുംദിവസങ്ങളില്‍ കൊലപാതകത്തിന് പിന്നിലെ കൂടുതല്‍ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാനാണ് പോലീസിന്റെ നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡി മണിയെ കുറ്റവിമുക്തനാക്കിയിട്ടില്ല; ശബരിമല സ്വര്‍ണക്കൊള്ള: പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; തന്ത്രിക്ക് പിന്നാലെ ആരും അഴിക്കുള്ളിലാകാം





