കരുനാഗപ്പള്ളി: ആദ്യനിമിഷങ്ങളില്‍ അപകടമാണെന്നു കരുതി. അതുലിന്റെ കാര്‍ കുഴിയിലേക്ക് വീണയുടനെ പിന്നാലെ വന്ന കാറില്‍നിന്ന് വടിവാളുമായി നാലുപേര്‍ പുറത്തുചാടി. കണ്ടുനിന്നവര്‍ പകച്ചുനില്‍ക്കെ, കാര്‍ തകര്‍ത്ത് അതുലിനെ അവര്‍ വളഞ്ഞിട്ട് വെട്ടി. മരണമുറപ്പാക്കിയ ശേഷം അതേ കാറില്‍ത്തന്നെ അക്രമിസംഘം പാഞ്ഞുപോയി. എല്ലാം വെറും അഞ്ചുമിനിറ്റിനുള്ളില്‍ അവസാനിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ടിറങ്ങിയ അതുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച്, നഗരം വിടുംമുന്‍പേ കൊലപ്പെടുത്തിയ ആസൂത്രിത നീക്കത്തില്‍ എട്ടു പ്രതികളും ഇപ്പോള്‍ പോലീസ് പിടിയിലായിട്ടുണ്ട്.
ജിം സന്തോഷ് കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ അലുവ അതുല്‍, ശനിയാഴ്ച രാവിലെ 11 മണിയോടെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. രണ്ട് കാറുകളിലായാണ് പ്രതികള്‍ അതുലിനെ പിന്തുടര്ന്നത്. പുതിയകാവ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ സര്‍വീസ് റോഡിലൂടെ അതുലിന്റെ കാര്‍ നീങ്ങിയപ്പോള്‍, പിന്നാലെ വന്ന ഇന്നോവ കാര്‍ മനഃപൂര്‍വ്വം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ നിര്‍മ്മാണ കുഴിയിലേക്ക് അതുലിന്റെ കാര്‍ മറിഞ്ഞു. ഉടന്‍ തന്നെ കാറില്‍ നിന്നിറങ്ങിയ പ്രതികള്‍ വടിവാള്‍ ഉപയോഗിച്ച് ചില്ലുകള്‍ തകര്‍ക്കുകയും കുഴിയിലേക്ക് ചാടിയിറങ്ങി അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. അതുലിനൊപ്പമുണ്ടായിരുന്ന മനുവിനും ആക്രമണത്തില്‍ പരിക്കേറ്റു. പട്ടാപ്പകല്‍ നടന്ന ഈ ക്രൂരകൃത്യം കണ്ട് ഭയന്ന സാക്ഷികള്‍ പലരും ഓടിമാറി.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്ന് കോട്ടയം പോലീസ് പിടികൂടി കൊല്ലം പോലീസിന് കൈമാറി. ഇതോടെ കേസില്‍ ആകെ എട്ടുപേര്‍ പിടിയിലായതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചു. അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തിരുവനന്തപുരത്തുനിന്നും പോലീസ് കണ്ടെടുത്തു.
കടത്തൂര്‍ – വയനകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 2025-ല്‍ ജിം സന്തോഷ് എന്നയാളെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട അലുവ അതുല്‍. സന്തോഷ് കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അതുല്‍ അതേ രീതിയില്‍ കൊല്ലപ്പെടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി കുറ്റം സമ്മതിച്ചു; ഡ്രോൺ നിരീക്ഷണത്തിനൊടുവിൽ സാഹസികമായ അറസ്റ്റ്





