തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അഭിമാനമായ കവടിയാര്‍-വെള്ളയമ്പലം രാജവീഥി ഇപ്പോള്‍ ഭീതിയുടെ നിഴലിലാണ്. റോഡിലെ ബൈക്ക് റേസിംഗും കാര്‍ റേസിംഗും കുപ്രസിദ്ധിയാര്‍ജിച്ചിട്ടും ഇതിനൊരു അവസാനം വരുത്താന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അമിതവേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ ഇടിച്ചു തകര്‍ക്കുന്ന സുരക്ഷാ വേലികള്‍ മാസങ്ങളോളം അതേപടി കിടക്കുന്നതാണ് നഗരത്തിലെ ഇന്നത്തെ കാഴ്ച. ഓരോ മാസവും നിരവധി സുരക്ഷാ വേലികളാണ് ഇവിടെ വാഹനങ്ങള്‍ ഇടിച്ച് തകര്‍ക്കുന്നത്, എന്നാല്‍ ഇവയൊന്നും പുനഃസ്ഥാപിക്കപ്പെടാറില്ല എന്നതാണ് യാഥാര്‍ഥ്യം.
വെള്ളിയാഴ്ച രാവിലെ കുറവന്‍കോണം-കവടിയാര്‍ റോഡില്‍ സാല്‍വേഷന്‍ ആര്‍മി സ്കൂളിന് സമീപമുണ്ടായ അപകടമരണം ട്രാഫിക് ക്രമീകരണങ്ങളിലെ വലിയ പാളിച്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുതെറിപ്പിച്ച പാലക്കാട് സ്വദേശിനി നൗഷിജ എന്ന യുവതിയുടെ ജീവന് നഷ്ടപ്പെട്ടത് റോഡരികിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം മൂലമാണ്. ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്ന യുവതിയെ സുരക്ഷാവേലികളില്ലാത്ത ഭാഗത്തുവെച്ചാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
കവടിയാര്‍-കുറവന്‍കോണം റോഡിലും സമാനമായ സ്ഥിതിയാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭക്ഷണശാലകളില്‍ എത്തുന്ന നൂറുകണക്കിന് ആളുകള്‍ റോഡില്‍ നിന്നാണ് ആഹാരം കഴിക്കുന്നത്. നിയന്ത്രണം വിട്ട വാഹനങ്ങള്‍ ഇത്തരം ജനക്കൂട്ടത്തിലേക്കാണ് പാഞ്ഞുകയറുന്നതെങ്കില് ഉണ്ടാകാവുന്ന ദുരന്തം പ്രവചനാതീതമാണ്. കാല്‍നടക്കാര്‍ക്കായി ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകളുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ആവശ്യമായ സുരക്ഷാവേലികള്‍ സ്ഥാപിച്ചിട്ടില്ല.
തിരക്കേറിയ സമയങ്ങളില്‍ പോലും ഈ ഭാഗങ്ങളില്‍ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമല്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. സ്കൂള്‍ പരിസരങ്ങളില്‍ ഹോം ഗാര്‍ഡുകള്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെങ്കിലും അമിതവേഗക്കാരെ പിടികൂടാന്‍ ഇവിടെ സംവിധാനങ്ങളില്ല. കവടിയാറിലെ ട്രാഫിക് ക്യാമറകള്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നത് റേസിംഗ് നടത്തുന്നവര്‍ക്ക് സഹായകരമാകുന്നു. വിശാലമായ റോഡിലൂടെ അതിവേഗത്തില്‍ പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല.
കവടിയാര്‍ മുതല്‍ വെള്ളയമ്പലം വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ നടുവിലുള്ള മീഡിയറുകളും വശങ്ങളിലെ ഇരുമ്പ് വേലികളും വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്ന നിലയിലാണ്. അപകടമുണ്ടാകുമ്പോള്‍ ഇളകിപ്പോകുന്ന ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാനോ പുതിയവ സ്ഥാപിക്കാനോ അധികൃതര്‍ താല്പര്യം കാണിക്കാറില്ല. അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ പിന്നീട് പിഴയടച്ച് ഊരിപ്പോകുന്നു എന്നല്ലാതെ തകര്‍ത്ത പൊതുമുതല്‍ പുനഃസ്ഥാപിക്കാന്‍ അവരെക്കൊണ്ട് നടപടി എടുപ്പിക്കാന്‍ പോലീസിന് കഴിയുന്നില്ല.
കെല്‍ട്രോണ്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ അമിതവേഗം രേഖപ്പെടുത്തുന്നുണ്ടെങ്കിലും മിക്കവാറും പേര് പിഴയടയ്ക്കുന്നില്ല. വാഹനം കൈമാറ്റം ചെയ്യുമ്പോഴോ മറ്റോ മാത്രമാണ് ഇത്തരത്തിലുള്ള വലിയ തുകയുടെ പിഴയെക്കുറിച്ച് ഉടമകള്‍ അറിയുന്നത്. നിരന്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ തത്സമയ നടപടി സ്വീകരിക്കാത്തതാണ് റേസിംഗ് സംഘങ്ങള്‍ക്ക് വളമാകുന്നത്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും പരിശോധിക്കുന്നതില്‍ മാത്രം പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അമിതവേഗമെന്ന വില്ലനെ അവര്‍ വിസ്മരിക്കുന്നു.
രാത്രികാലങ്ങളിലാണ് കവടിയാര്‍-വെള്ളയമ്പലം റോഡ് റേസിംഗ് ലഹരിയിലാകുന്നത്. യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ബൈക്ക്-കാര്‍ റേസിംഗുകള്‍ പലപ്പോഴും വലിയ അപകടങ്ങളിലാണ് അവസാനിക്കുന്നത്. പോലീസ് പട്രോളിംഗ് ശക്തമല്ലാത്തതും ക്യാമറകളുടെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണെന്നതും റേസിംഗ് സംഘങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. നഗരമധ്യത്തിലെ ഈ രാജവീഥിയില്‍ സുരക്ഷിതമായി ഒന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണിന്ന്.
അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ പലപ്പോഴും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ രാജവീഥിയില്‍ പോലീസിന്റെ ശക്തമായ പരിശോധനയും സ്പീഡ് ഗവര്‍ണറുകളുടെ സാന്നിധ്യവും ഉണ്ടെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് കോടികള്‍ ചെലവഴിക്കുമ്പോഴും തകര്‍ന്ന സുരക്ഷാവേലികള്‍ പുനഃസ്ഥാപിക്കാന്‍ വൈകുന്നത് അധികൃതരുടെ അനാസ്ഥയാണ് വിളിച്ചോതുന്നത്.
പേരൂര്‍ക്കട, മ്യൂസിയം പോലീസ് സ്റ്റേഷന് അതിര്‍ത്തികള്‍ പങ്കിടുന്ന മേഖലയായതിനാല്‍ പലപ്പോഴും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നതായും പരാതിയുണ്ട്. അമിതവേഗത്തിന് കനത്ത പിഴയും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകളും നടപ്പിലാക്കാത്ത പക്ഷം കവടിയാറിലെ ഈ ‘മരണപ്പാച്ചില്‍’ തുടര്‍ന്നുകൊണ്ടേയിരിക്കും. തകര്‍ന്ന വേലികള്‍ നന്നാക്കാത്തത് റോഡിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതിനൊപ്പം കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; 2 പേർ അറസ്റ്റിൽ





