ലീഗിന് ബദലായി ‘ക്രൈസ്തവ ഐക്യം’; 15 എം.എല്‍.എമാരുള്ള കരുത്തുറ്റ ബ്ലോക്കിനായി നീക്കം; ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കുന്നതില്‍ അപു ജോണ്‍ ജോസഫ് അനുകൂലം; ക്രൈസ്തവ സഭയുടെ ലക്ഷ്യം കരുത്തുള്ള കേരളാ കോണ്‍ഗ്രസോ?

തിരുവനന്തപുരം: യു.ഡി.എഫില്‍ മുസ്ലീം ലീഗിന് സമാനമായ സ്വാധീനശക്തിയുള്ള ഒരു വലിയ രാഷ്ട്രീയ ബ്ലോക്കായി മാറാന്‍ കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന ആവശ്യം ക്രൈസ്തവ സഭാ നേതൃത്വത്തില്‍ ശക്തം. നിലവില്‍ വിഘടിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് നിയമസഭയില്‍ 15 എം.എല്‍.എമാരുടെ കരുത്തുള്ള ഒറ്റ കക്ഷിയായി മാറാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

കേരള കോണ്‍ഗ്രസുകളുടെ ലയനം എന്ന ആശയത്തിന് പിന്നില്‍ ക്രൈസ്തവ സഭയുടെ ശക്തമായ നിലപാടുണ്ട്. സമുദായത്തിന് രാഷ്ട്രീയമായി കൂടുതല്‍ വിലപേശല്‍ ശേഷി നല്‍കണമെങ്കില്‍ ചിതറിക്കിടക്കുന്ന ഗ്രൂപ്പുകള്‍ ഒന്നിക്കണമെന്നാണ് സഭയുടെ നിര്‍ദ്ദേശം. യു.ഡി.എഫിനുള്ളില്‍ ലീഗിനെപ്പോലെ നിര്‍ണ്ണായക തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒന്നാം നിര കക്ഷിയായി കേരള കോണ്‍ഗ്രസിനെ വളര്‍ത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം.

ഈ പുനഃക്രമീകരണ ചര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് പി.ജെ. ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിന്റെ നിലപാടാണ്. മാണി ഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനെയും തുടര്‍ന്ന് കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനെയും അദ്ദേഹം അനുകൂലിക്കുമെന്നാണ് സൂചനകള്‍. പുതിയ തലമുറ രാഷ്ട്രീയക്കാര്‍ക്കിടയില്‍ രൂപപ്പെടുന്ന ഈ ധാരണ ലയന ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടുന്നു. മുന്നണിക്കുള്ളില്‍ ഒരു വിഭാഗത്തിന്റെ മാത്രം ആധിപത്യം ഇല്ലാതാക്കി ക്രൈസ്തവ രാഷ്ട്രീയത്തിന് തുല്യശക്തി നല്‍കുക എന്നതാണ് ഇതിന് പിന്നിലെ ചാലക ശക്തി.

ജോസ് കെ. മാണി വിഭാഗവും ജോസഫ് വിഭാഗവും ഒന്നിച്ചാല്‍ നിയമസഭയില്‍ വലിയൊരു സംഘമായി മാറാന്‍ സാധിക്കും. ഇടതുമുന്നണിയില്‍ തുടരുന്ന ജോസ് കെ. മാണി വിഭാഗത്തെ മടക്കിക്കൊണ്ടുവരാനുള്ള തിരശ്ശീലയ്ക്ക് പിന്നിലെ ചര്‍ച്ചകള്‍ക്ക് ഈ ‘ലയന അജണ്ട’ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. കേവലം ഒരു മുന്നണി മാറ്റത്തിനപ്പുറം, ക്രൈസ്തവ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനും യുഡിഎഫില്‍ മുസ്ലിം ലീഗിന് സമാനമായ ഒരു സമ്മര്‍ദ്ദ ശക്തിയായി മാറാനുമുള്ള വലിയൊരു പദ്ധതിയാണ് ഇതിന് പിന്നില്‍ രൂപപ്പെടുന്നത്.

ജോസ് കെ. മാണി വിഭാഗവും ജോസഫ് വിഭാഗവും ഒന്നിച്ചാല്‍ മുന്നണിക്കുള്ളില്‍ കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍ ലീഗിനൊപ്പം നിര്‍ണ്ണായക സ്വാധീനമുള്ള കക്ഷിയായി മാറാന്‍ സാധിക്കും. മുസ്ലിം ലീഗിനുള്ളതിന് സമാനമായ വിലപേശല്‍ ശേഷി സമുദായ രാഷ്ട്രീയത്തിന് ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ അന്തര്‍ധാര. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രണ്ട് ഗ്രൂപ്പുകളും ഒന്നിക്കുന്നത് പാര്‍ട്ടിയുടെ ഭാവിക്ക് ഗുണകരമാകുമെന്ന നിലപാടിലാണ് ജോസഫിന്റെ മകന്‍ അപു. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം തുടരുമ്പോഴും ലയനകാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ഈ അനുകൂല നിലപാട് ലയന സാധ്യതകള്‍ക്ക് വേഗം കൂട്ടുന്നു.

മുന്നണി മാറ്റത്തെച്ചൊല്ലി മാണി ഗ്രൂപ്പിലെ അഞ്ച് എംഎല്‍എമാര്‍ക്കിടയില്‍ കൃത്യമായ ചേരിതിരിവ് പ്രകടമാണ്. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ (പൂഞ്ഞാര്‍), ജോബ് മൈക്കിള്‍ (ചങ്ങനാശ്ശേരി) എന്നിവര്‍ യുഡിഎഫിലേക്ക് മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കണമെന്ന നിലപാടുകാരാണ്. കേന്ദ്ര അവഗണനയ്ക്കെതിരായ സമരത്തിന്റെ ചിത്രം ‘തുടരും’ എന്ന ക്യാപ്ഷനോടെ റോഷി പങ്കുവെച്ചത് ഇതിന്റെ സൂചനയായാണ് കാണുന്നത്. ഇരുപക്ഷവും രണ്ട് വീതം എന്ന നിലയിലായാല്‍ ചീഫ് വിപ്പ് എന്‍. ജയരാജിന്റെ നിലപാട് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ ഭാവി നിശ്ചയിക്കും.

2026-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സോണിയാ ഗാന്ധിയും കെ.സി. വേണുഗോപാലും നേരിട്ട് ജോസ് കെ. മാണിയുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസിന്റെ വരവിനെ സ്വാഗതം ചെയ്യുന്നുണ്ട്. മുന്നണി വിപുലീകരണത്തിലൂടെ അധികാരം തിരിച്ചുപിടിക്കാമെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ട്.

മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്നുള്ള ജോസ് കെ. മാണിയുടെ അസാന്നിധ്യം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോഴും, അണിയറയില്‍ സഭയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും സമ്മര്‍ദ്ദത്തില്‍ പുതിയൊരു ‘ക്രൈസ്തവ രാഷ്ട്രീയ ധ്രുവീകരണം’ കേരളത്തില്‍ രൂപപ്പെടുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.