കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലം മാറ്റി. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഹണി എം. വർഗീസിന് പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായി ചുമതലയേൽക്കും. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്. ശശികുമാറിനെ തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്കായി ഒരു വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് ഹണി എം. വർഗീസിനെ ഹൈക്കോടതി പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചത്. പിന്നീട് ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണ ഇതേ കോടതിയിൽത്തന്നെ തുടരുകയായിരുന്നു. നീണ്ട വർഷങ്ങൾ നീണ്ടുനിന്ന വിചാരണ നടപടികൾക്കൊടുവിൽ 2025 ഡിസംബർ എട്ടിനാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ച കോടതി, എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാല് പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടിരുന്നു.
സാധാരണഗതിയിൽ ജഡ്ജിമാർക്ക് മൂന്ന് വർഷം കൂടുമ്പോൾ സ്ഥലംമാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ നടപടികൾ പൂർത്തിയാകാത്തതിനാൽ ഹണി എം. വർഗീസ് ദീർഘകാലം എറണാകുളത്ത് തുടരുകയായിരുന്നു. വിധി പ്രസ്താവത്തിന് പിന്നാലെ സ്ഥലംമാറ്റം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ ഉത്തരവ് വരുന്നത്. വിധിക്ക് ശേഷമുള്ള തുടർനടപടികൾ കൂടി പൂർത്തിയാക്കിയ ശേഷമാണ് അവർ പുതിയ ചുമതലയിലേക്ക് മാറുന്നത്.
സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്


ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കായംകുളത്ത് ‘നൈജീരിയന്‍ സ്കാം’ മോഡല്‍ തട്ടിപ്പ്; വാരണപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 48 ലക്ഷം രൂപ





