ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ഡോൾഫിനുകൾ ഉപയോഗിച്ചുള്ള ചാവേർ ആക്രമണങ്ങൾക്ക് ഇറാൻ പദ്ധതിയിടുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. ‘കാമികേസ് ഡോൾഫിനുകൾ’ എന്ന് വിളിക്കപ്പെടുന്ന, ശരീരത്തിൽ മൈനുകൾ ഘടിപ്പിച്ച സമുദ്രജീവികളെ ഉപയോഗിച്ച് ശത്രുക്കപ്പലുകളെ തകർക്കാനാണ് ഇറാൻ ആലോചിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധം മൂലം എണ്ണ കയറ്റുമതിയിൽ വൻ കുറവുണ്ടായ പശ്ചാത്തലത്തിലാണ് ഇറാൻ ഇത്തരമൊരു അസാധാരണ നീക്കത്തിന് മുതിരുന്നത്. നിലവിലെ ഉപരോധങ്ങളെ വെറുമൊരു സമ്മർദ്ദ തന്ത്രമായല്ല, മറിച്ച് തങ്ങൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായാണ് ഇറാന്റെ ചില ഔദ്യോഗിക വിഭാഗങ്ങൾ കണക്കാക്കുന്നത്.
ഈ പ്രതിസന്ധി നേരിടാൻ കടുത്ത സൈനിക നടപടികളിലേക്കും പാരമ്പര്യേതര യുദ്ധമുറകളിലേക്കും കടക്കാൻ രാജ്യം സജീവമായി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ശത്രുക്കപ്പലുകളെ ലക്ഷ്യമിട്ട് സ്ഫോടകവസ്തുക്കൾ വഹിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഡോൾഫിനുകളെ ഇറാൻ സൈന്യം സജ്ജമാക്കുന്നു. 2000-മാണ്ടിൽ സോവിയറ്റ് യൂണിയനിൽ നിന്ന് പരിശീലനം ലഭിച്ച ഇത്തരം ഡോൾഫിനുകളെ ഇറാൻ വാങ്ങിയതായി അക്കാലത്ത് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. കടലിനടിയിലെ ശത്രുക്കളെ കുന്തങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനും കപ്പലുകൾക്ക് നേരെ ചാവേർ ആക്രമണങ്ങൾ നടത്താനും ഈ ജീവികൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ശീതയുദ്ധകാലത്ത് സോവിയറ്റ് നാവികസേനയാണ് ഇത്തരം പരീക്ഷണങ്ങൾക്ക് ആദ്യമായി തുടക്കമിട്ടത്. അന്ന് കടലിനടിയിലെ ഭീഷണികൾ കണ്ടെത്താനും ഡൈവർമാരെ ആക്രമിക്കാനും പരിശീലനം ലഭിച്ച ഡോൾഫിനുകളെ സെവാസ്റ്റോപോളിലെ കേന്ദ്രത്തിൽ അവർ സജ്ജമാക്കിയിരുന്നു. ഡോൾഫിനുകൾക്ക് പുറമെ, ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് നാവികസേനയുടെ നിയന്ത്രണത്തിലുള്ള ‘മൊസ്കിറ്റോ ഫ്ലീറ്റ്’ എന്നറിയപ്പെടുന്ന ചെറു യുദ്ധക്കപ്പലുകളുടെ ശൃംഖലയും നിലവിൽ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അതിവേഗത്തിൽ സഞ്ചരിക്കാനും മാരകായുധങ്ങൾ പ്രയോഗിക്കാനും ശേഷിയുള്ള ആയിരക്കണക്കിന് ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിലെ വലിയ കപ്പലുകളെ വളഞ്ഞുനിന്ന് ആക്രമിക്കാൻ ഇറാന് സാധിക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസിൽ ഇറാന്റെ ഈ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെക്കുന്നു.
ഓസ്കാർ വേദിയിൽ പുതിയ ചരിത്രമെഴുതി ഓട്ടം ഡ്യൂറാൾഡ് അർകാപാവ്; മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ വനിത


യുഎഇയിൽ വ്യാജപ്രചാരണം നടത്തിയ 10 പേർ പിടിയിൽ; അടിയന്തര വിചാരണയ്ക്ക് ഉത്തരവ്





