തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ മർദ്ദനത്തിൽ അഞ്ച് പോലീസുകാർ കുറ്റക്കാരാണെന്ന് കാട്ടി ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. പോലീസുകാരായ അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കുറ്റക്കാരായ ഈ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തര വകുപ്പുതല നടപടിക്കുള്ള ശുപാർശ ഉടൻ തന്നെ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം.
ലോക്കൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞുവെച്ച് നിയന്ത്രണവിധേയമാക്കിയിട്ടും, പ്രതികളായ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ഗുരുതരമായ സർവീസ് ചട്ടലംഘനമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ നിലവിൽ വകുപ്പുകൾ ഒന്നും ചുമത്തിയിട്ടില്ല.
നവകേരള യാത്രയ്ക്കിടയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ വൻ അട്ടിമറി നടന്നതായും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഗൺമാൻമാരെയും പോലീസുകാരെയും രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടെന്നാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി കേസ് ഡയറി നിർബന്ധപൂർവ്വം തിരുത്തിച്ചു എന്നാണ് പോലീസുകാരുടെ മൊഴി.
കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല
അതിനിടെ, കേസിൽ പ്രതി ചേര്‍ത്തതിന് പിന്നാലെ അനിലും സന്ദീപും മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു. കേസില്‍ 309 (വധശ്രമം) അടക്കമുള്ള വകുപ്പുകള്‍ ചുമത്താന്‍ ഇരിക്കവേയാണ് ജാമ്യത്തിനുള്ള നീക്കം. നേരത്തെ ജാമ്യമില്ലാ വകുപ്പുകള്‍ മാത്രമായിരുന്നു ചുമത്തിയത്. കേസ് ഈ മാസം 26ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സംഘവും കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് .


കിഫ്ബിയില്‍ കടുപ്പമാക്കാന്‍ സര്‍ക്കാര്‍; വരുമാനമുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കും



