തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയിലെ രക്ഷാപ്രവർത്തനത്തിനെതിരെ പുതിയ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് പുതിയ പരാതികളുടെ പ്രളയമുണ്ടാകുന്നു. നേരത്തെ പരാതികൾ നൽകിയിട്ടും മുൻ എൽഡിഎഫ് ഭരണത്തിൽ യാതൊരു അന്വേഷണവും ഉണ്ടാകാത്ത കേസുകളിലെല്ലാം ഇപ്പോൾ കർശനമായ അന്വേഷണം ആവശ്യപ്പെട്ടാണ് ആളുകൾ രംഗത്തെത്തുന്നത്. യുഡിഎഫ് പ്രവർത്തകരും പ്രത്യേകിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് ഈ പരാതിക്കാരിൽ ഭൂരിപക്ഷവും.
കെപിസിസി നേതാവും എറണാകുളം മുനിസിപ്പൽ കൗൺസിലറുമായ ദീപ്തി മേരി വർഗീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ടാണ് തന്റെ പരാതി സമർപ്പിച്ചത്. കെപിസിസി വയനാട് ഫണ്ട് തട്ടിച്ചുവെന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ടുകളുണ്ടാക്കി മുൻ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ അക്കൗണ്ടുകൾക്കെതിരെ നൽകിയ പരാതിയിൽ സത്വര അന്വേഷണം വേണമെന്നാണ് ദീപ്തി ഇപ്പോൾ ആവശ്യപ്പെടുന്നത്. ഈ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപിക്ക് ആഭ്യന്തരമന്ത്രി ഇതിനകം തന്നെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മറ്റൊരു പ്രധാന സംഭവത്തിൽ, നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ച കേസിൽ ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ് പി എ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഊർജിതമായ തുടരന്വേഷണം നടക്കുകയാണ്. ആദ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അന്നത്തെ ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡിജിപി എം ആർ അജിത് കുമാർ നിർബന്ധിച്ച് തിരുത്തിച്ചുവെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിൽ പുതിയ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ട്. അന്ന് മർദ്ദനമേറ്റ ഇന്നത്തെ ആലപ്പുഴ എംഎൽഎ എ ഡി തോമസ് ആണ് ഈ വിഷയത്തിൽ പുതിയ പരാതി നൽകിയിട്ടുള്ളത്. എം ആർ അജിത് കുമാറിനെതിരെ സമഗ്രമായ അന്വേഷണവും ശക്തമായ നടപടിയുമാണ് തോമസ് തന്റെ പരാതിയിലൂടെ ആവശ്യപ്പെടുന്നത്.
ശ്രീലേഖയ്ക്ക് നിയമസഭയിലും സീറ്റില്ല? മേയര്‍ സ്ഥാനത്തിന് പിന്നാലെ വീണ്ടും കടുംവെട്ട്; ബിജെപിയില്‍ ‘ഡിജിപി’ ഔട്ടാകുന്നു?
ഇതോടൊപ്പം നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാലിൽ മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനം കയറ്റിയ സംഭവത്തിലും അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം കാട്ടാക്കട യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആൻസല ദാസ് പരാതി നൽകിയിട്ടുണ്ട്. 2023 ഡിസംബർ 28 നായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്. തന്റെ കാലിൽ പോലീസിന്റെ അകമ്പടി വാഹനം മനഃപൂർവ്വം ഓടിച്ചു കയറ്റുകയായിരുന്നെന്നും, കാലൊടിഞ്ഞ് കിടന്ന തന്നെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മരത്തടികൾ ഉപയോഗിച്ച് വീണ്ടും ക്രൂരമായി മർദ്ദിച്ചെന്നും ആൻസല ദാസ് പരാതിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ വൻ വിവാദമുണ്ടാക്കി പ്രചരിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് എംഎൽഎ പാറക്കൽ അബ്ദുല്ലയും ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കോഴിക്കോട് റൂറൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും സ്ക്രീൻഷോട്ട് നിർമ്മിച്ചത് ഒരു സിപിഎം പ്രവർത്തകൻ ആണെന്ന സൂചന ലഭിച്ചതോടെ മുൻ ഭരണകൂടം അന്വേഷണം മരവിപ്പിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.
കൂടാതെ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനമേറ്റ സംഭവത്തിലും പുതിയ പരാതി ഉയർന്നിട്ടുണ്ട്. 2023 ഏപ്രിൽ 5 ന് നടന്ന ഈ സംഭവം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് സമൂഹം അറിഞ്ഞത്. ഒരു എസ് ഐ ഉൾപ്പെടെ 4 പോലീസ് ഉദ്യോഗസ്ഥർ സുജിത്തിനെ സ്റ്റേഷനിലിട്ട് ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സുജിത്ത് ഇപ്പോൾ ആവശ്യപ്പെടുന്നത്.


ആലപ്പുഴ ആര്യാട്ടെ വിഎം ഖാലിദിന്റെ മകന്; ‘ബേപ്പൂര്‍ സുല്‍ത്താന്റെ’ ബന്ധുബലം; എംആറിനെതിരെ ഉയര്‍ന്ന പുകമറയായിരുന്നില്ല ‘കൊടി സുനി’ ഇടപാട്; ജയില്‍ വകുപ്പിലെ സര്‍ക്കാരിന്റെ അതിവിശ്വസ്തന്; ഡിഐജി എംകെ വിനോദ് കുമാര്‍ ഇനി കാക്കി അണിയില്ല





