ബിജു പ്രഭാകറിനെ പൂട്ടാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം വീണ്ടും വന്നാല്‍ മാനനഷ്ടത്തിന് കേസെടുക്കും; വൈദ്യുതി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ നടപടിക്ക് നീക്കം

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിമാന നേട്ടങ്ങളെയും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെയും പുസ്തകത്തിലൂടെ നിശിതമായി വിമര്‍ശിച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബിജു പ്രഭാകറിനെതിരെ മാനനഷ്ടത്തിന് കേസെടുക്കാനാണ് നീക്കം. സര്‍വീസില്‍ നിന്നും വിരമിച്ചതിനാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന പഴുത് ഉപയോഗിച്ചാണ് ബിജു പ്രഭാകര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കെ.എസ്.ഇ.ബി സി.എം.ഡി ആയിരുന്ന കാലത്ത് സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് താന്‍ പവര്‍കട്ട് നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ വൈദ്യുതി ബോര്‍ഡിനെ പൊതുമധ്യത്തില്‍ നാണംകെടുത്തുന്നതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് വര്‍ഷം പവര്‍കട്ടില്ലാതെ കേരളത്തെ നയിച്ചു എന്ന ഇടത് മുന്നണിയുടെ രാഷ്ട്രീയ അവകാശവാദം പച്ചക്കള്ളമാണെന്നാണ് ബിജു പ്രഭാകര്‍ തന്റെ ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകത്തിലൂടെ വാദിക്കുന്നത്. ബോര്‍ഡിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള സാധ്യതകളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ കെ.എസ്.ഇ.ബിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ബിജു പ്രഭാകര്‍ ഉന്നയിച്ചത്. 2200 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഉണ്ടായിട്ടും അവ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ലെന്നും ലോഡ് ഷെഡിങ് രഹസ്യമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ നയങ്ങളെ തകിടം മറിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നത് ബോര്‍ഡിന് വരുത്തിയ മാനനഷ്ടം ചെറുതല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
വിരമിച്ച ഉദ്യോഗസ്ഥനായതിനാല്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം നടപടിയെടുക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചതിന് സിവില്‍-ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഭരണനേതൃത്വം പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. എ.ഐ ക്യാമറ ഇടപാട്, പ്രളയകാരണം, ലോട്ടറി-എക്‌സൈസ് വകുപ്പുകളിലെ അഴിമതി തുടങ്ങി പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഓരോ വിഷയത്തിലും ബിജു പ്രഭാകറിനോട് വിശദീകരണം തേടാനോ നിയമപരമായി നേരിടാനോ ആണ് നീക്കം.
കേരളം നമ്പര്‍ വണ്‍ ആണെന്ന അവകാശവാദം വിവരമുള്ളവര്‍ വിശ്വസിക്കില്ലെന്ന ബിജു പ്രഭാകറിന്റെ പരാമര്‍ശം രാഷ്ട്രീയമായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എക്‌സൈസ് നയം കണ്ണില്‍ പൊടിയിടാനാണെന്നും ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പാണെന്നുമുള്ള വെളിപ്പെടുത്തലുകള്‍ നയപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതാണ്. ഈ സാഹചര്യത്തിലാണ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഉടനടി ബിജു പ്രഭാകറിനെതിരെ നിയമയുദ്ധം തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
അഴിമതിയെക്കുറിച്ച് സംസാരിക്കുന്ന മുന്‍ ഉദ്യോഗസ്ഥനെ നിയമപരമായി പൂട്ടുന്നത് വഴി മറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിരമിച്ച ശേഷം പുസ്തകമെഴുതി സര്‍ക്കാരിനെ ‘നാറ്റിക്കുന്ന’ പ്രവണതയ്ക്ക് തടയിടണമെന്നാണ് സി.പി.എം നേതൃത്വത്തിന്റെയും ആവശ്യം. വോട്ടെണ്ണലിന് ശേഷം ഇടതു സര്‍ക്കാര്‍ വീണ്ടും ഭരണത്തിലെത്തിയാല്‍ ബിജു പ്രഭാകറിനെ കോടതി കയറ്റും. പക്ഷേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭരണമാറ്റം പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ ഫലം ഇടതിന് എതിരായാല്‍ ഇനിയും വെളിപ്പെടുത്തല്‍ ബിജു പ്രഭാകര്‍ നടത്തും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.