ഭാവി തകര്‍ക്കുമെന്ന് ഭീഷണി; കെസിഎ ആസ്ഥാനത്തും പീഡനം; ടൂര്‍ണമെന്റിനെത്തിയ കുട്ടി ബഹളം വച്ചു, പിന്നാലെ തെളിഞ്ഞത് 6 പീഡനക്കേസുകള്‍; ക്രിക്കറ്റ് പരിശീലകന് 16 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ ജിമ്മില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പരിശീലകന് കഠിനതടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള 16 വര്‍ഷം കഠിനതടവിനും 24,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകളില്‍ അഞ്ച് വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും വിധിയില്‍ നിര്‍ദ്ദേശമുണ്ട്.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ എത്തുന്നത്. ശരീരഘടന മനസ്സിലാക്കാനെന്ന വ്യാജേന ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ എടുക്കുകയായിരുന്നു. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വെച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയതും ഉപദ്രവിച്ചതും.
തുടര്‍ന്ന് നഗ്‌ന ഫോട്ടോകള്‍ അയച്ചുനല്‍കാന്‍ പ്രതി പെണ്‍കുട്ടിയെ പലതവണ നിര്‍ബന്ധിച്ചു. ഇയാളുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതോടെ കുട്ടിക്ക് ശരിയായ കോച്ചിങ് നല്‍കാതായി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്നായിരുന്നു ഭീഷണി. അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2021-ല്‍ ഈ കുട്ടി മറ്റൊരു സ്ഥലത്തേക്ക് കോച്ചിങ്ങിനായി പോയി.
പ്രതിയെ ഭയന്ന് കുട്ടികള്‍ ആരും തന്നെ ഈ ക്രൂരതകള്‍ പുറത്തുപറഞ്ഞിരുന്നില്ല. ഈ ഏഴാം ക്ലാസുകാരിക്ക് പുറമെ കോച്ചിങ്ങിനെത്തിയ മറ്റ് 5 കുട്ടികളെയും ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നു. അവരും പിന്നീട് കോച്ചിങ് നിര്‍ത്തി വേറെ സ്ഥലങ്ങളിലേക്ക് മാറുകയായിരുന്നു. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പരാതിയുണ്ട്. പരിശീലനത്തിനിടയിലും പെണ്‍കുട്ടികളോട് ഇയാള്‍ സ്ഥിരമായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം, 2024-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടി അപ്രതീക്ഷിതമായി പ്രതിയെ വീണ്ടും കാണാനിടയായി. ഇതോടെ ഭയന്നുവിറച്ച കുട്ടി മൈതാനത്ത് ബഹളം വച്ചപ്പോഴാണ് വര്‍ഷങ്ങളായി ഒളിച്ചുവെച്ച പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മറ്റ് അഞ്ച് പെണ്‍കുട്ടികളും ധൈര്യം സംഭരിച്ച് ഇയാള്‍ക്കെതിരെ രംഗത്തുവന്നത്.
മനുവിനെതിരെ കൂടുതല്‍ കുട്ടികള്‍ പരാതിയുമായി എത്തിയതോടെ ഇയാള്‍ക്ക് കീഴില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളെ പോലീസ് കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ആകെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായി വിധി വന്നിരിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.