തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തിരക്കിട്ട ആലോചന. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനുള്ള മുന്നണികളുടെ താല്പര്യവുമാണ് സഭ നിശ്ചിത സമയത്തിന് മുന്‍പേ പിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും സഭയെ പ്രക്ഷോഭവേദിയാക്കുന്ന പ്രതിപക്ഷ നിലപാട് ഭരണപക്ഷത്തെയും സ്പീക്കറെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുകയാണ്. അഞ്ചാം തീയതി വരെ സഭ ചേരാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് ബജറ്റ് വകുപ്പുതിരിച്ചുള്ള ചര്‍ച്ചകള്‍ക്കായി സബ്ജക്ട് കമ്മിറ്റികള്‍ക്ക് വിടുകയും 23-ന് വീണ്ടും സമ്മേളിച്ച് ചര്‍ച്ച പൂര്‍ത്തിയാക്കി 25-ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുകയുമായിരുന്നു ലക്ഷ്യം.
എന്നാല്‍, സഭയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷം കണക്കിലെടുത്ത് ആറാം തീയതി തന്നെ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. സഭയില്‍ ബാനറുകള്‍ ഉയര്‍ത്തി സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന പ്രതിപക്ഷ രീതിക്കെതിരെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. അംഗങ്ങളെ കാണാനാകാത്ത വിധം സ്പീക്കറെ ‘അന്ധനാക്കി’ മുഖം മറയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.
ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാത്രമല്ല, സ്പീക്കര്‍ക്കും അവകാശങ്ങളുണ്ടെന്നും ആ അവകാശങ്ങള്‍ക്ക് മേലാണ് പ്രതിപക്ഷം കയറുന്നതെന്നും സ്പീക്കര്‍ തുറന്നടിച്ചു. ശബരിമല കൊള്ളയും ക്രമസമാധാന നിലയും ഉയര്‍ത്തി പ്രതിപക്ഷം കടന്നാക്രമണം തുടരുമ്പോള്‍, സഭ അധികം നീട്ടിക്കൊണ്ടുപോകുന്നത് ഗുണകരമാകില്ലെന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തല്‍.
ഉടന്‍ തന്നെ സഭാ സമ്മേളനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സഭ നേരത്തെ പിരിഞ്ഞാല്‍ എംഎല്‍എമാര്‍ക്ക് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും.


മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഐപിഎസ് ‘ക്വട്ടേഷന്‍’, ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടും-ആഞ്ഞടിച്ച് വി.ഡി. സതീശന്; അന്താരാഷ്ട്ര മാഫിയയ്ക്ക് 500 കോടിയുടെ കച്ചവടം, വന്‍സ്രാവുകളെ സംരക്ഷിച്ച് ഗോവിന്ദനും സിപിഎമ്മും- ചെന്നിത്തലയും വെളിപ്പെടുത്തലമായി; ശബരിമലയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി





