സ്പീക്കര്‍ പദവി ഒഴിഞ്ഞു, ‘നീതി’യില്‍ നിന്ന് പടിയിറക്കം; സി.പി.എമ്മില്‍ ഇനി ഷംസീറിന്റെ റോളെന്ത്? കൊടിയേരിയുടെ പ്രിയശിഷ്യനെ കാത്തിരിക്കുന്നതെന്ത്?

തിരുവനന്തപുരം: 44 മാസം നീണ്ട നിയമസഭാ സ്പീക്കര്‍ പദവിയൊഴിഞ്ഞ് എ.എന്‍. ഷംസീര്‍ ഔദ്യോഗിക വസതിയായ ‘നീതി’യുടെ പടികളിറങ്ങുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ്; സി.പി.എമ്മില്‍ ഇനി ഷംസീറിന്റെ റോളെന്താണ്? തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്ത്, സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് പദവി ഒഴിയുന്നതെന്ന് വ്യക്തമാക്കിയ ഷംസീര്‍ ഇനി കണ്ണൂര്‍ കേന്ദ്രീകരിച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം സിറ്റിംഗ് എം.എല്‍.എമാര്‍ക്കും വീണ്ടും അവസരം ലഭിച്ചപ്പോള്‍ ഷംസീറിന് മാത്രം പാര്‍ലമെന്ററി പദവികളില്ലാതാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം അണികള്‍ക്കിടയില്‍ പുകയുന്നതിനിടെയാണ് ഈ മടക്കം.
എം.എല്‍.എ സ്ഥാനമോ മറ്റ് ഭരണപദവികളോ ഇല്ലെങ്കിലും സി.പി.എമ്മിന്റെ ശക്തനായ സംസ്ഥാന സമിതി അംഗമാണ് എ.എന്‍. ഷംസീര്‍. സ്പീക്കര്‍ എന്ന ഭരണഘടനാ പദവിയുടെ നിഷ്പക്ഷതയും അതിര്‍വരമ്പുകളും ഉണ്ടായിരുന്നതുകൊണ്ട് ഇത്രയും കാലം പാര്‍ട്ടിയുടെ പരസ്യ നിലപാടുകളില്‍ നിന്നോ ആഭ്യന്തര ചര്‍ച്ചകളില്‍ നിന്നോ ഒരകലം പാലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. എന്നാല്‍ ഇനി പദവികളുടെ ഭാരമില്ലാത്ത, കണ്ണൂരിലെ കരുത്തനായ നേതാവായി ഷംസീര്‍ പാര്‍ട്ടി വേദികളില്‍ സജീവമാകും. വരാനിരിക്കുന്ന സംസ്ഥാന സമിതി യോഗങ്ങളില്‍ പാര്‍ട്ടിയുടെ തിരുത്തല്‍ പ്രക്രിയകള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കും മുന്നില്‍ ഷംസീര്‍ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
സി.പി.എം വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയും വോട്ട ചോര്‍ച്ചയിലൂടെയും കടന്നുപോകുന്ന ഈ ഘട്ടത്തില്‍, അണികളെയും പൊതുജനങ്ങളെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്താന്‍ കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ശൈലിക്ക് മാത്രമേ സാധിക്കൂ എന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. കോടിയേരിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ഷംസീറിന് ആ ജനകീയ മുഖവും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനുള്ള നയതന്ത്രജ്ഞതയുമുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കാന്‍ ഏറ്റവും യോഗ്യനായ യുവനേതാവാണ് ഷംസീര്‍ എന്ന് കരുതുന്ന വലിയൊരു വിഭാഗം അണികള്‍ താഴേത്തട്ടിലുണ്ട്. എന്നാല്‍, പാര്‍ട്ടിയിലെ നിലവിലെ മുതിര്‍ന്ന നേതൃത്വം ഷംസീറിന് അത്തരമൊരു വന്‍പദവി നല്‍കാന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം.
കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന ഷംസീറിന്റെ പ്രഖ്യാപനം സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തിലെ വരുംകാല രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്. പാര്‍ലമെന്ററി പദവികള്‍ നഷ്ടപ്പെട്ടത് താല്‍ക്കാലികമായ ഒരു പിന്നോട്ടുപോക്കായി തോന്നാമെങ്കിലും, ഇതിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്താനും ഷംസീറിന് സാധിക്കും.
ജനകീയ അടിത്തറ വിപുലമാക്കി, പാര്‍ട്ടിയിലെ തന്റെ സ്വാധീനം ഉറപ്പിച്ച് കൂടുതല്‍ കരുത്തോടെയുള്ള ഒരു വന്‍ തിരിച്ചുവരവിനാണ് കൊടിയേരിയുടെ ശിഷ്യന്‍ തയ്യാറെടുക്കുന്നത് എന്ന സൂചനയാണ് കണ്ണൂരിലേക്കുള്ള മടക്കം നല്‍കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.