ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെ പന്ത്രണ്ട് ടണ്ണിലധികം “കിറ്റ്കാറ്റ്” ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ടു. സ്വിസ് ഭക്ഷണ വ്യവസായ ഭീമനായ നെസ്‌ലെ ഉത്പാദിപ്പിക്കുന്ന ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്ക് സഹിതം കാണാതായത്. മാർച്ച് 26-ന് യൂറോപ്പിലൂടെയുള്ള യാത്രയ്ക്കിടെയാണ് ഈ വൻ കവർച്ച നടന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. കിറ്റ്കാറ്റിന്റെ പുതിയ ‘F1’ ലൈനിലുള്ള മിൽക്ക് ചോക്ലേറ്റ് വേഫറുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ബ്രാൻഡിന്റെ പ്രശസ്തമായ ‘ഹാവിംഗ് എ ബ്രേക്ക്’ (Have a break) എന്ന പരസ്യവാചകത്തെ പരിഹസിച്ചുകൊണ്ട് കമ്പനി വക്താവ് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞങ്ങൾ എപ്പോഴും ആളുകളോട് കിറ്റ്കാറ്റിനൊപ്പം ഒരു ഇടവേള എടുക്കാൻ പറയാറുണ്ട്. എന്നാൽ മോഷ്ടാക്കൾ ആ സന്ദേശം അക്ഷരാർത്ഥത്തിൽ എടുക്കുകയും ഞങ്ങളുടെ 12 ടണ്ണിലധികം ചോക്ലേറ്റുമായി ഒരു വലിയ ഇടവേള എടുക്കുകയും ചെയ്തു എന്നാണ് തോന്നുന്നത്.” കുറ്റവാളികളുടെ ചോക്ലേറ്റ് തെരഞ്ഞെടുപ്പിലെ ‘മികച്ച രുചി’യെ തമാശയായി പ്രശംസിച്ച കമ്പനി, ചരക്ക് മോഷണം പല ബിസിനസുകൾക്കും ഇപ്പോൾ വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗൗരവത്തോടെ കൂട്ടിച്ചേർത്തു.
ഈ സംഭവത്തെക്കുറിച്ച് പ്രാദേശിക അധികാരികളുമായും സപ്ലൈ ചെയിൻ പങ്കാളികളുമായും ചേർന്ന് കമ്പനി വിശദമായ അന്വേഷണം നടത്തിവരികയാണ്. നിലവിൽ ഈ ചോക്ലേറ്റുകൾ സുരക്ഷിതമല്ലെന്ന ആശങ്കകൾ ഇല്ലെന്നും വിതരണ ശൃംഖലയെ ബാധിച്ചിട്ടില്ലെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ചോക്ലേറ്റ് വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്ന ഈസ്റ്റർ കാലം അടുത്തിരിക്കുന്നതിനാൽ യൂറോപ്പിലെ ചില ഭാഗങ്ങളിൽ കിറ്റ്കാറ്റിന് ക്ഷാമം നേരിട്ടേക്കാമെന്ന് നെസ്‌ലെ മുന്നറിയിപ്പ് നൽകി.
വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് തമിഴ്നാട് സ്വദേശി


ട്രെയിനിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; മുൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ





