എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. സുമേഷിന് വേണ്ടി പിആര്‍ഡിയുടെ പത്രക്കുറിപ്പ്; കണ്ണൂര്‍ പിആര്‍ഡിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ; ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തെറിച്ചു!

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നടപടി. സംഭവത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി. സുമേഷ് നൽകിയ പരാതി സർക്കാർ സംവിധാനമായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്) വഴി ഔദ്യോഗിക വാർത്താക്കുറിപ്പായി പ്രചരിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. സർക്കാർ സംവിധാനം ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ഡിസിസി രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെടുകയും കണ്ണൂർ ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു. കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ചട്ടലംഘനം നടന്നതായി വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അതേസമയം, മാധ്യമങ്ങൾക്ക് നൽകാനായി ഇലക്ഷൻ വിഭാഗം തയ്യാറാക്കിയ കുറിപ്പാണ് ഇതെന്നായിരുന്നു പിആർഡി നൽകിയ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ കമ്മീഷൻ തയ്യാറായില്ല.

അഴീക്കോട് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറാണ് എൻഡിഎയ്ക്ക് വേണ്ടി മത്സരരംഗത്തുള്ളത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.