കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയക്കാരുടെ ‘കൈവിലങ്ങില്ലാത്ത’ കരുത്തുമായി എക്സൈസ് ലഹരിവേട്ടയ്ക്ക് ഇറങ്ങുന്നു. വോട്ടെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകില്ലെന്ന സാഹചര്യം മുതലെടുത്ത്, ലഹരി ലോകത്തെ വമ്പന്‍ സ്രാവുകളെ വലയിലാക്കാനാണ് നീക്കം. ഇത്തവണ കളി മാറുമെന്ന സൂചന നല്‍കി വില്ലന്മാരെ പൂട്ടാന്‍ എക്സൈസ് പ്രത്യേക സംവിധാനവും സജ്ജമാക്കി കഴിഞ്ഞു.
പതിവ് പരിശോധനകള്‍ക്ക് പുറമെ, സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി അവരുടെ ഓരോ നീക്കങ്ങളും എക്സൈസ് റഡാറിലാക്കിയിട്ടുണ്ട്. അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പെട്ട് മുങ്ങിനടക്കുന്ന പ്രതികളെ ഉടന്‍ പിടികൂടാന്‍ ഉന്നതതല നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ലഹരിക്കടത്ത് തടയാന്‍ എന്‍.ഡി.പി.എസ് ആക്റ്റിലെ 34-ാം വകുപ്പും, ബി.എന്‍.എസ് നിയമത്തിലെ 129-ാം വകുപ്പും ആയുധമാക്കുകയാണ് അധികൃതര്‍.
ഇനിമുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് മുന്‍ കുറ്റവാളികളെക്കൊണ്ട് നിര്‍ബന്ധിത ബോണ്ട് ഒപ്പിടുവിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. കോടതി പുറപ്പെടുവിച്ച വാറന്റുകളും സമന്‍സുകളും മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കി കുറ്റവാളികളെ അഴിക്കുളളിലാക്കാനാണ് തീരുമാനം. മുമ്പ് ആരെയെങ്കിലും പിടിച്ചാല്‍ ഉടന്‍ രാഷ്ട്രീയ ഇടപെടല്‍ വരും. ഇതോടെ ലഹരി കേസെല്ലാം ജാമ്യമുള്ള വകുപ്പിലേക്ക് മാറും. തിരഞ്ഞെടുപ്പ് കാലത്ത് അതുണ്ടാകില്ല. അതിനാല്‍ മൂന്നാഴ്ച ആഞ്ഞു പിടിക്കാനാണ് തീരുമാനം.
ന്യൂജെന്‍ ലഹരിയുടെ ഒഴുക്ക് തടയാന്‍ എക്സൈസ് നിരീക്ഷണം ഇത്തവണ ടാറ്റൂ സെന്ററുകളിലേക്കും ബ്യൂട്ടി പാര്‍ലറുകളിലേക്കും നീളുന്നുവെന്നത് ശ്രദ്ധേയമാണ്. പച്ചകുത്തലിന്റെ മറവില്‍ ലഹരി കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഈ നീക്കം. ജിമ്മുകള്‍, ടര്‍ഫുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയും കര്‍ശന നിരീക്ഷണത്തിലാണ്. അന്തര്‍സംസ്ഥാന ബസുകള്‍, കൊറിയര്‍ സ്ഥാപനങ്ങള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ അരിച്ചുപെറുക്കിയുള്ള പരിശോധന തുടരും.
റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും തീരപ്രദേശങ്ങളിലും ആര്‍.പി.എഫ്, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി ചേര്‍ന്ന് സംയുക്ത പരിശോധനയ്ക്കും പദ്ധതിയുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകളും ഡാര്‍ക്ക് വെബും വഴി രാസലഹരി വിതരണം ചെയ്യുന്ന സംഘങ്ങളെ കുടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായവും തേടും. ലഹരിയില്‍ മായവും കലര്‍ത്തുന്ന ലോബിയുണ്ട്. അതിലൊരാളെ കഴിഞ്ഞ ദിവസം പിടികൂടി. കൊച്ചിയിലെ ഈ അറസ്റ്റില്‍ നിന്നും കുടുതല്‍ വിവരങ്ങള്‍ എക്‌സൈസിന് കിട്ടിയെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് കാലത്ത് ലഹരിയുടെ നൂതനമായ കടത്തുമാര്‍ഗ്ഗങ്ങള്‍ പയറ്റാന്‍ സാധ്യതയുണ്ടെന്ന എക്സൈസ് എന്‍ഫോഴ്സ്മെന്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനാണ് വകുപ്പ് ഒരുങ്ങുന്നത്. ടാറ്റു സെന്ററുകളെല്ലാം നിരീക്ഷണത്തിലാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പൊലീസ് പടയില്‍ വന്‍ അഴിച്ചുപണി; സംസ്ഥാനത്ത് 400-ലധികം സി.ഐമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; പൂര്‍ണ്ണ പട്ടിക അറിയാം..




