തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ അമൂല്യമായ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസും രാജകുടുംബവും തമ്മിലുള്ള അനിശ്ചിതത്വത്തിനൊടുവില്‍ വഴിത്തിരിവ്. പരാതി നല്‍കാതെ രഹസ്യമായി അന്വേഷണം വേണമെന്ന കൊട്ടാരത്തിന്റെ ആവശ്യം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് തള്ളിയതോടെയാണ് അഞ്ച് മാസത്തിന് ശേഷം മോഷണത്തില്‍ കേസെടുക്കാന്‍ കുടുംബം തയ്യാറായത്.
കഴിഞ്ഞ നവംബറില്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞെങ്കിലും വിഷയം പുറംലോകം അറിയാതിരിക്കാന്‍ അതീവ ജാഗ്രതയാണ് കൊട്ടാരം പുലര്‍ത്തിയത്. രണ്ട് മാസം മുമ്പ് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൊട്ടാരം വിവരം അറിയിച്ചിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാതെ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. വിവാദങ്ങള്‍ ഭയന്നായിരുന്നു ഈ നീക്കമെങ്കിലും നിയമപരമായ തടസ്സങ്ങള്‍ കാരണം പോലീസ് കാര്യമായ അന്വേഷണത്തിലേക്ക് കടന്നിരുന്നില്ല.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് വിഷയത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. മോഷണം നടന്നത് കൊട്ടാരത്തിലായാലും സാധാരണ വീടുകളിലായാലും കൃത്യമായ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ മുന്നോട്ട് പോകാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസെടുക്കാതെ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് പരാതി നല്‍കാന്‍ കുടുംബം സന്നദ്ധരായത്. ഇതോടെയാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസ് ഔദ്യോഗികമായി കേസെടുത്തത്.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ അതീവ സുരക്ഷിതമായ അലമാരയില്‍ നിന്നാണ് 12 ഇനം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായത്. ഇതേ അലമാരയില്‍ തന്നെ ഇതിലും മൂല്യമുള്ള മറ്റ് വജ്രാഭരണങ്ങളും മറ്റും സൂക്ഷിച്ചിരുന്നു. എന്നാല്‍ അവയൊന്നും മോഷ്ടാവ് സ്പര്‍ശിച്ചിട്ടില്ല. പാരമ്പര്യമായി കൈമാറി വന്നതും അമൂല്യവുമായ ആഭരണങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച് കടത്തിയത് കൊട്ടാരത്തിനുള്ളിലെ വിവരങ്ങള്‍ വ്യക്തമായി അറിയാവുന്നവരുടെ പണിയാണോ എന്ന സംശയം ബലപ്പെടുത്തുന്നു.
കൊട്ടാരത്തിലെ 15 ജീവനക്കാരും നിരീക്ഷണത്തിലാണ്. മോഷണം നടന്ന മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. നവംബറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസങ്ങളില്‍ കുടുംബം തന്നെ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ തുമ്പൊന്നും കിട്ടാതായതോടെയാണ് നിയമസഹായം തേടിയത്.
പരാതി നല്‍കിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തയ്യാറായിട്ടില്ല. കൊട്ടാരത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയമായതിനാല്‍ അതീവ രഹസ്യമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന താല്‍പ്പര്യത്തിലാണ് കുടുംബം. എന്നാല്‍ ഔദ്യോഗികമായി കേസെടുത്തതോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള വിപുലമായ സംഘം അന്വേഷണത്തിനായി കൊട്ടാരത്തിലെത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘സമരത്തെ പുച്ഛിച്ചവര്‍ക്ക് വോട്ടില്ല’! ആറന്മുളയില് വീണയെ വീഴ്ത്തിയത് ആശമാരുടെ കലിപ്പ്; അബിന്‍ വര്‍ക്കിയുടെ വിജയത്തിന് പിന്നിലെ ‘സ്ത്രീശക്തി’; ബിനോയ് വിശ്വത്തിന്റെ കുറ്റസമ്മതം വെറും തട്ടിപ്പെന്ന് മിനി; ചതിക്കഥകള്‍ പുറത്താവുമ്പോള്‍ സിപിഐ പ്രതിരോധത്തില്‍; ബിനോയിയെ തകര്‍ത്ത് ആശമാര്‍





