ജാസ്‌ലിയയുടെ മരണം : പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്!

കൊച്ചി: അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. അപകടമുണ്ടാക്കിയ ശേഷം ഒളിവിൽ പോയ പ്രതി ഡോ. സിറിയക് ജോർജിനെ സഹായിച്ചതിന് പിതാവ് ജോർജ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അതിരമ്പുഴയിലെ വീട്ടിൽ പോലീസ് എത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് ജോർജിനെ അങ്കമാലി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മകന് ഒളിവിൽ പോകാൻ ആവശ്യമായ എല്ലാ സഹായങ്ങളും ജോർജ് നൽകിയതായി ഫോൺ രേഖകളിൽ നിന്ന് പോലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 28-നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ചാലാക്ക മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സിറിയക് ജോർജ് ഓടിച്ച മഹീന്ദ്ര എക്സ്‌.യു.വി 700 അമിതവേഗതയിൽ ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജാസ്‌ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എടവനക്കാട് സ്വദേശിയായ ജോൺസന്റെ മകൾ ജാസ്‌ലിയ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.

പ്രതിയായ സിറിയക് ജോർജിനെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനുള്ള റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും പോലീസ് ഒത്തുകളിക്കുന്നുവെന്നും നേരത്തെ ജാസ്‌ലിയയുടെ കുടുംബം ആരോപിച്ചിരുന്നു. പിതാവിന്റെ അറസ്റ്റോടെ പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.