ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത നീക്കം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പദവി രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് മലയാളി കൂടിയായ ആനന്ദബോസിന്റെ അപ്രതീക്ഷിത പടിയിറക്കം. രാജിയുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അദ്ദേഹം ഉടൻ തന്നെ ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട് ഗവർണറായ ആർ.എൻ. രവിയെ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിക്കാനാണ് കേന്ദ്ര നീക്കം.

ആനന്ദബോസിന്റെ രാജി തന്നെ അമ്പരപ്പിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഗവർണർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതമില്ലെന്നും അവർ എക്സിലൂടെ കുറിച്ചു. ആർ.എൻ. രവിയെ പുതിയ ഗവർണറായി നിശ്ചയിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെന്നും എന്നാൽ സംസ്ഥാന സർക്കാരുമായി ഇക്കാര്യത്തിൽ യാതൊരു കൂടിയാലോചനയും നടന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

ബംഗാൾ സർക്കാരും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കിടയിലാണ് ഈ രാജി എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രത്തിന്റെ ഈ നീക്കം മമത സർക്കാരിനെതിരെയുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.