ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ സി.പി.എമ്മുമായുള്ള ആറ് പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിക്കുന്നുവോ?
. പാർട്ടി മെമ്പർഷിപ്പ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തന്നെ പരിഹസിച്ചുവെന്നും ഇത്തരം അവഗണനകൾക്കിടയിൽ പാർട്ടിയിൽ തുടരുന്നത് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്നതിനാലാണ് മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയിൽ നേരിടുന്ന കടുത്ത അവഗണനകൾ എണ്ണിയെണ്ണി പറഞ്ഞാണ് സുധാകരന്റെ പ്രതികരണം. 43 വർഷം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നിട്ടും ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ എത്തിയപ്പോൾ ജില്ലാ നേതൃത്വം ഒരു പരിഗണനയും നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ കാലത്ത് തടവുശിക്ഷ അനുഭവിച്ച ജില്ലയിലെ ഏക നേതാവായിട്ടും അതിന്റെ വാർഷിക പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ലോക്കൽ കമ്മിറ്റി അംഗം പോസ്റ്റിട്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി തന്നെ പരിഹസിച്ചു ചിരിച്ചപ്പോൾ അത് തിരുത്താൻ ആരും തയ്യാറായില്ലെന്നത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സുധാകരൻ പറഞ്ഞു.
അതേസമയം, ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടയിലാണ് സുധാകരന്റെ ഈ വിട്ടുപോകൽ എന്നത് ശ്രദ്ധേയമാണ്. സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലേ എന്ന ചോദ്യത്തിന്, മാനദണ്ഡങ്ങൾ പ്രകാരം മാറ്റിനിർത്തിയവരെപ്പറ്റി ചർച്ച വേണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്റെ നിലപാട്. കായംകുളത്തും അരൂരിലും പുതിയ പേരുകൾ ഉയർന്നു വരുമ്പോഴും പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനയാണ് സുധാകരന്റെ വിടവാങ്ങൽ. എങ്കിലും തന്റെ ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.


എ. പത്മകുമാറിനെ സിപിഎം പുറത്താക്കിയേക്കും; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. ‘സ്വർണ്ണക്കൊള്ള’ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തൽ
നിലപാടിലുറച്ച് സച്ചിദാനന്ദന്! കേരളത്തില്‍ ഭരണമാറ്റം വേണം; ബംഗാള്‍ ആവര്‍ത്തിക്കരുത്; കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളില്‍ നിന്ന് അകന്നു; വെള്ളാപ്പള്ളിയെ പ്രീണിപ്പിക്കുന്നത് മതേതരത്വത്തിന് ഭൂഷണമല്ല!





