പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം. കേസിൽ പ്രതിയായത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വിശദീകരണം തേടി നോട്ടീസ് നൽകിയത്. വിശദീകരണം ലഭിച്ചാലുടൻ പത്മകുമാറിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
അടുത്തിടെ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പത്മകുമാറിനെ പാർട്ടി ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഗ്രൂപ്പിലെ സുപ്രധാന ചർച്ചകൾ പത്മകുമാർ അറിയേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. അറസ്റ്റിലായി ജയിലിലായിട്ടും മാസങ്ങളോളം പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തിയത് പാർട്ടിക്കുള്ളിൽ തന്നെ വലിയ ആക്ഷേപത്തിന് വഴിവെച്ചിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസുകളിൽ 2025 നവംബറിലാണ് പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെത്തുടർന്ന്, റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെയാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ പാർട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കുന്നത്.
മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം; 20 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്


അനൂപ് ജേക്കബിനേയും സിപി ജോണിനേയും മന്ത്രിയാക്കുമോ? വിദ്യാഭ്യാസ വകുപ്പ് ലീഗില് നിന്ന് തിരിച്ചുപിടിച്ചേക്കും; സ്വതന്ത്രരെ മന്ത്രിമാരാക്കില്ല





