ദില്ലി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിപ്പട്ടികയിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന കർശന ഉപാധിയോടെയാണ് കോടതി ജാമ്യം നൽകിയത്. ജയശ്രീയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതും മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ നിർണ്ണായകമായി.
അന്വേഷണത്തിന്റെ ഭാഗമായി ജയശ്രീയുടെ ഒപ്പ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്ന് എസ്ഐടി സുപ്രീംകോടതിയെ ബോധിപ്പിച്ചു. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ജയശ്രീ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. നേരത്തെ കീഴ്കോടതികളിൽ നിന്ന് അനുകൂലമായ വിധി ലഭിക്കാത്തതിനെത്തുടർന്നാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
ശബരിമലയിലെ സ്വർണ കട്ടിളപ്പാളി, ദ്വാരപാലക പ്രതിമകൾ തുടങ്ങിയവയുടെ നിർമ്മാണത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെയാണ് മുൻ സെക്രട്ടറിക്ക് ജാമ്യം ലഭിക്കുന്നത്. ദേവസ്വം ബോർഡിലെ മറ്റ് മുൻ ഭാരവാഹികൾക്കെതിരെയുള്ള അന്വേഷണവും ഇതോടൊപ്പം നടക്കുന്നുണ്ട്. സുപ്രീംകോടതിയുടെ ഈ ഉത്തരവ് കേസിലെ തുടർന്നുള്ള നിയമനടപടികളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വി സുരേന്ദ്രൻ പിള്ള ആർ.ജെ.ഡിയിലേക്ക് മടങ്ങിയെത്തി; രാജി പിൻവലിച്ചു


കെ.എസ്.ആർ.ടി.സിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ; പ്രിയദർശൻ സംവിധാനം ചെയ്ത പരസ്യചിത്രം പുറത്തിറങ്ങി|വീഡിയോ കാണാം





