തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ആനവണ്ടിയായ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി മോഹൻലാൽ അഭിനയിച്ച ഹൃദ്യമായ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചത്. മോഹൻലാലിന്റെ ഉറ്റ സുഹൃത്തും പ്രശസ്ത സംവിധായകനുമായ പ്രിയദർശനാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തൊടുപുഴയിലായിരുന്നു ഇതിന്റെ ചിത്രീകരണം നടന്നത്.
തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിന്റെ ഓഡിഷനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ കെ.എസ്.ആർ.ടി.സി യാത്രകളാണ് പരസ്യത്തിന്റെ പ്രമേയം. ആ യാത്രകളിൽ കണ്ടുമുട്ടിയ യാത്രക്കാരും അവരുടെ ഭാവങ്ങളുമാണ് തന്റെ അഭിനയകലയുടെ ബാലപാഠങ്ങളെന്ന് താരം വികാരാധീനനായി ഓർക്കുന്നു. അഭിനയ പരീക്ഷ കഴിഞ്ഞ് മടങ്ങിയതും അതേ ആനവണ്ടിയിലാണെന്നും, തന്റെ ജീവിതത്തിലേക്ക് ഐശ്വര്യം കൊണ്ടുവന്നത് ഈ യാത്രയാണെന്നും അദ്ദേഹം പറയുന്നു.
“എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടീ നിനക്ക് നന്ദി” എന്ന മോഹൻലാലിന്റെ ഡയലോഗ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ അദ്ദേഹം പ്രതിഫലം വാങ്ങാതെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നാണ് റിപ്പോർട്ടുകൾ. മലയാളികളുടെ ഗൃഹാതുരത്വവും കെ.എസ്.ആർ.ടി.സിയുടെ പെരുമയും ഒത്തുചേരുന്നതാണ് ഈ പരസ്യചിത്രം.


സി.പി.എം നിലപാട് കടുപ്പിച്ചു; മാൾ ഓഫ് ട്രാവൻകോറിൽ മർദ്ദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുനെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പോലീസ് പിന്മാറി.
പി.ആർ.ഡി മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായി സി. എഫ്. ദിലീപ് കുമാർ ചുമതലയേറ്റു





