തിരുവനന്തപുരം: രാജ്യത്തെ ഭക്തികേന്ദ്രങ്ങളെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍. കുറ്റപത്രത്തിന്റെ കരട് തയ്യാറായിട്ടും പ്രോസിക്യൂഷന് അനുമതിക്കായി സര്‍ക്കാരിന് കൈമാറാതെ പ്രത്യേക അന്വേഷണ സംഘം മെല്ലെപ്പോക്ക് തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടവിരമിക്കലും വരാനിരിക്കുന്ന ഭരണമാറ്റ സാധ്യതകളും അന്വേഷണത്തെ അട്ടിമറിക്കുമോ എന്ന ആശങ്ക ശക്തമാകുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാത്രം തുടര്‍നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന തന്ത്രപരമായ നീക്കത്തിലാണ് എസ്ഐടി ഇപ്പോള്‍. ജംഷഡ്പൂരിലെ കേന്ദ്ര ലാബില്‍ നിന്നുള്ള നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനാ ഫലം പോലും ഔദ്യോഗികമായി കൈപ്പറ്റാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഈ ഫലം ലഭിച്ചാല്‍ മാത്രമേ ദ്വാരപാലക ശില്‍പ്പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണ്ണത്തിന്റെ അളവിലും മാറ്റം വരുത്തിയതിലും അന്തിമ വ്യക്തത വരികയുള്ളൂ.
അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന പ്രധാന ഘടകം വരാനിരിക്കുന്ന ഭരണമാറ്റമാണ്. അടുത്ത സര്‍ക്കാര്‍ ആരാകും എന്നതിനെ ആശ്രയിച്ചിരിക്കും ശബരിമല കേസിന്റെ ഭാവി. നിലവിലെ അന്വേഷണത്തില്‍ പുതിയ സര്‍ക്കാര്‍ സംതൃപ്തരല്ലെങ്കില്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെ തിരക്കിട്ട് കുറ്റപത്രം നല്‍കുന്നത് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് ഉദ്യോഗസ്ഥര്‍.
മറ്റൊരു പ്രധാന പ്രതിസന്ധി അന്വേഷണ സംഘത്തിന്റെ ഘടനയിലാണ്. എസ്ഐടിയിലെ നിര്‍ണ്ണായക ചുമതലകള്‍ വഹിക്കുന്ന പല ഉദ്യോഗസ്ഥരും വരും മാസങ്ങളില്‍ സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. കേസിന്റെ നാള്‍വഴികള്‍ കൃത്യമായി അറിയുന്നവര്‍ ഒഴിഞ്ഞുപോകുമ്പോള്‍ പുതിയതായി എത്തുന്നവര്‍ക്ക് കേസ് പഠിച്ചെടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. ഇത് പ്രതികള്‍ക്ക് രക്ഷപെടാന്‍ പഴുതൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
2025-ല്‍ നടന്ന സ്വര്‍ണ്ണക്കൊള്ള കൂടി ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരുമോ എന്നതും പ്രധാന ചോദ്യമാണ്. പഴയ മോഷണങ്ങള്ക്കൊപ്പം പുതിയ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ അന്വേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ ഉന്നതരുമായുള്ള പ്രതികളുടെ ബന്ധം അന്വേഷിക്കാന്‍ എസ്ഐടി ഇപ്പോഴും മടിച്ചുനില്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് വന്‍ ആശ്വാസമാണ് നല്‍കുന്നത്. സമയബന്ധിതമായി കുറ്റപത്രം നല്കാത്തതിനാല് കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. 1700 ഗ്രാം സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന് എസ്ഐടി കണ്ടെത്തിയെങ്കിലും, യഥാര്‍ത്ഥ നഷ്ടം ഇതിലും വലുതാണെന്ന സംശയം ഇപ്പോഴും നിലനില്ക്കുന്നു.
രണ്ട് വ്യത്യസ്ത കുറ്റപത്രങ്ങളാണ് എസ്ഐടി തയ്യാറാക്കിയിരിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതിയായ ഈ പട്ടികയില്‍ ബോര്‍ഡ് മുന്‍ അംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഈ അനുമതി പത്രം ഫയല്‍ ചെയ്യാതെ എസ്ഐടി ഒളിച്ചുകളി തുടരുകയാണ്.
പ്രതികള്‍ രാഷ്ട്രീയ ഉന്നതരുമായും കേന്ദ്ര നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച് അന്വേഷണം നടത്താന്‍ എസ്ഐടി തയ്യാറായിട്ടില്ല. കേസിനെ രാഷ്ട്രീയമായി സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന ഗൗരവകരമായ ആരോപണം നിലനില്‍ക്കുമ്പോഴാണ് ഈ മൗനം. കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകള്‍ ചര്‍ച്ചകളില്‍ വന്നെങ്കിലും അന്വേഷണം അവിടേക്ക് നീങ്ങിയില്ല.
ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ പുതിയ ബെഞ്ച് വരുമോ എന്നതും നിര്‍ണ്ണായകമാണ്. കോടതിയുടെ കര്‍ശന നിരീക്ഷണത്തിലുള്ള കേസായതിനാല്‍ എസ്ഐടിക്ക് അധികകാലം റിപ്പോര്‍ട്ട് വൈകിപ്പിക്കാനാവില്ല. എങ്കിലും ഭരണപരമായ മാറ്റങ്ങള്‍ വരെ സമയം നീട്ടിക്കൊണ്ടുപോകാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്കൃത സർവ്വകലാശാലയിൽ ഫയൽ അട്ടിമറി; ഗീതാകുമാരി വിരമിച്ച ശേഷം 40 ഫയലുകളിൽ ഒപ്പിട്ടു





