അയ്യപ്പസംഗമം: ഓഡിറ്റിലെ ‘പിഴവുകള്‍’ തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; പുതിയ റിപ്പോര്‍ട്ട് ഉടന്‍; ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ഊരാളുങ്കലിന് ചോദിച്ചതെല്ലാം കൊടുക്കില്ല

തിരുവനന്തപുരം: വിവാദമായ ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി. ഓഡിറ്റ് റിപ്പോര്‍ട്ട് നിലവിലുണ്ടെന്ന് സ്ഥിരീകരിച്ച ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, നിലവിലെ റിപ്പോര്‍ട്ടിലെ പിശകുകള്‍ തിരുത്തി 26-നകം ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു.
ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങള്‍ക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണെന്നും പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബില്ലുകള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിലും ആസ്തി റജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും കാലതാമസമുണ്ടായി. ഓഡിറ്റര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് സമയോചിതമായി മറുപടി നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു.
റിപ്പോര്‍ട്ടിലെ പിഴവുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചു. ദേവസ്വം കമ്മീഷണര്‍, അക്കൗണ്ട്സ് ഓഫീസര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരടങ്ങുന്ന സംഘം 10 ദിവസത്തിനകം ഓഡിറ്ററുമായി ചര്‍ച്ച നടത്തി കാര്യങ്ങളില്‍ വ്യക്തത വരുത്തും.
പരിപാടിയില്‍ പങ്കെടുക്കാത്ത ഭജന്‍സ് സംഘത്തിന് പണം നല്‍കിയെന്നും അയ്യായിരത്തോളം പേര്‍ പ്രഭാതഭക്ഷണം കഴിച്ചെന്നുമുള്ള രേഖകളിലെ പൊരുത്തക്കേടുകള്‍ ടാസ്‌ക് ഫോഴ്സ് വിശദമായി പരിശോധിക്കും. ഇത്തരം അപാകതകള്‍ തിരുത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുന്നതോടെ നിലവിലെ വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.
അയ്യപ്പസംഗമത്തിന്റെ ആകെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്താനാണ് ബോര്‍ഡ് തീരുമാനം. ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയായ ഐഐഐസി 7.11 കോടി രൂപയുടെ ഫൈനല്‍ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നിശ്ചയിച്ച തുകയില്‍ കൂടുതല്‍ നല്‍കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റി ഉപകരാര്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കും.
പരിപാടിക്കായി നേരത്തെ അഡ്വാന്‍സ് നല്‍കിയ 3 കോടി രൂപ ഇപ്പോള്‍ ബോര്‍ഡിന്റെ അക്കൗണ്ടില്‍ തിരികെ എത്തിയിട്ടുണ്ട്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് ശ്രമം. അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ഒരു കോടി ഉള്‍പ്പെടെ നിലവില്‍ 3.85 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പാണ് ലഭിക്കുക. സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുമെന്ന് ഏറ്റ പലരും പിന്മാറിയത് തിരിച്ചടിയാണ്. എങ്കിലും കോടതിക്ക് നല്‍കിയ ഉറപ്പുപ്രകാരം ബോര്‍ഡിന്റെ സ്വന്തം ഫണ്ട് ഇതിനായി ഉപയോഗിക്കില്ലെന്ന് കെ. ജയകുമാര്‍ വ്യക്തമാക്കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.