പ്രേംകുമാറിന് ഇനി റെഡ് സിഗ്‌നല്‍; സച്ചിദാനന്ദനെ താരതമ്യം ചെയ്യേണ്ട; നടനെ ഇനിയൊരിക്കലും സഹകരിപ്പിക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം; അച്ചടക്കലംഘനത്തില്‍ വിട്ടുവീഴ്ചയില്ല; പ്രേംകുമാറിന്റെ അക്കാദമിയില്‍ നിന്നുള്ള മാറ്റം കാലാവധി കഴിഞ്ഞതിനാല്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ സാംസ്‌കാരിക വേദികളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സിപിഎം തീരുമാനം. സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്കെതിരെയും പരസ്യമായി രംഗത്തെത്തിയ പ്രേംകുമാറിന്റെ നിലപാട് അച്ചടക്കലംഘനമാണെന്നും ഒരു ഇടത് അനുഭാവിക്ക് ചേര്‍ന്നതല്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

സച്ചിദാനന്ദന്റെ കാര്യത്തില്‍ പാര്‍ട്ടി ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന പ്രേംകുമാറിന്റെ വിമര്‍ശനത്തെ പാര്‍ട്ടി തള്ളി. സച്ചിദാനന്ദന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം ഒരു സ്വതന്ത്ര ചിന്തകനും ലോകമറിയുന്ന എഴുത്തുകാരനുമാണെന്നാണ് പാര്‍ട്ടി ലൈന്‍. സച്ചിദാനന്ദന്റെ വിയോജിപ്പുകളെ ജനാധിപത്യപരമായി കാണാന്‍ സാധിക്കും. എന്നാല്‍ പ്രേംകുമാറിനെ അക്കാദമിയില്‍ നിയമിച്ചത് രാഷ്ട്രീയ പരിഗണനയിലാണ്. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയത്. അതിനെ പദവിയില്‍ നിന്ന് പുറത്താക്കിയതായി ചിത്രീകരിച്ച് സര്‍ക്കാരിനെ മോശമാക്കുന്നത് ഗൗരവതരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അനുകൂലിച്ചതിനാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടി വിരുദ്ധമാണെന്ന് സിപിഎം കണക്കാക്കുന്നു. താല്‍ക്കാലികമായി അക്കാദമി ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്ന തന്നോട് മാന്യമായ സമീപനമല്ല സര്‍ക്കാര്‍ സ്വീകരിച്ചതെന്ന പ്രേംകുമാറിന്റെ ആരോപണം സാംസ്‌കാരിക വകുപ്പിനെയും ചൊടിപ്പിച്ചിട്ടുണ്ട്. പുതിയ ഭരണസമിതി വരുമ്പോള്‍ പഴയ ഭാരവാഹികള്‍ മാറുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ഇതിനെ രാഷ്ട്രീയ വേട്ടയാടലായി ചിത്രീകരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇടതുമുന്നണി കരുതുന്നു.

ഈ സാഹചര്യത്തില്‍ പ്രേംകുമാറിനെ ഇനി ഒരു തരത്തിലും സഹകരിപ്പിക്കേണ്ടതില്ലെന്നാണ് താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പാര്‍ട്ടിക്ക് അനുകൂലമായി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ, പദവിയില്‍ ഇരുന്നുകൊണ്ട് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല എന്ന കര്‍ശന സന്ദേശമാണ് ഇതിലൂടെ സിപിഎം നല്‍കുന്നത്.

ചലച്ചിത്ര അക്കാദമിയില്‍ പ്രേംകുമാറിനെ ഒഴിവാക്കിയത് രാഷ്ട്രീയമായ തീരുമാനമല്ലെന്നും ഭരണപരമായ സ്വാഭാവിക നടപടി മാത്രമാണെന്നും സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കിയിരുന്നു. രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് താല്‍ക്കാലികമായി ചുമതല നല്‍കിയത് പദവിയില്‍ തുടരാനുള്ള സ്ഥിരരേഖയല്ല. അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ ഭരണസമിതിയും പുതിയ കാഴ്ചപ്പാടുകളുമാണ് ആവശ്യമെന്ന സര്‍ക്കാരിന്റെ നയമാണ് ഇവിടെ നടപ്പിലാക്കിയതെന്നും മുമ്പ് വിശദീകരിച്ചു. ഇതിനെയാണ് ഇപ്പോള്‍ പ്രേംകുമാര്‍ തള്ളുന്നത്.

പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണങ്ങള്‍ വസ്തുതാനിരസമെന്നാണ് സിപിഎം വിലയിരുത്തല്‍. കാലാവധി പൂര്‍ത്തിയാക്കിയ ഒരാളെ മാറ്റുമ്പോള്‍ അതിനെ ‘പുറത്താക്കല്‍’ എന്ന് വിശേഷിപ്പിക്കുന്നത് ബോധപൂര്‍വ്വം വിവാദമുണ്ടാക്കാനാണെന്ന് കരുതുന്നു. സച്ചിദാനന്ദനെപ്പോലുള്ള പ്രമുഖ എഴുത്തുകാരെയും ചിന്തകരെയും അക്കാദമി അധ്യക്ഷന്മാരായി നിലനിര്‍ത്തുന്നത് അവരുടെ ബൗദ്ധികമായ സംഭാവനകള്‍ പരിഗണിച്ചാണ്. എന്നാല്‍ പ്രേംകുമാറിനെപ്പോലുള്ളവര്‍ രാഷ്ട്രീയമായ പിന്തുണയോടെ പദവിയില്‍ വന്നിട്ട് പിന്നീട് പാര്‍ട്ടിയെ തന്നെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം ഇപ്പോള്‍.

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അനുകൂലിച്ചതിനാണ് നടപടിയെന്ന വാദത്തെയും സിപിഎം നേരത്തെ തള്ളിക്കളഞ്ഞിരുന്നു. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് അച്ചടക്കലംഘനമാണെന്നും സിപിഎം പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.