ആഗോള അയ്യപ്പസംഗമത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; ടെൻഡറില്ലാതെ എട്ടു കോടിയുടെ കരാർ; ; ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്!

പത്തനംതിട്ട: ശബരിമല ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഗോള അയ്യപ്പസംഗമം വൻ സാമ്പത്തിക ധൂർത്തിനും അഴിമതിക്കും വേദിയായതായി വെളിപ്പെടുത്തുന്ന രേഖകൾ പുറത്ത്. ഇവന്റ് മാനേജ്‌മെന്റിനായി മാത്രം എട്ട് കോടിയിലേറെ രൂപ ചെലവിട്ടതായും സുപ്രധാന ചട്ടങ്ങൾ ലംഘിച്ചതായും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുമായാണ് 8.22 കോടി രൂപയുടെ കരാർ ഒപ്പിട്ടത്.

അടിസ്ഥാന സൗകര്യങ്ങൾക്കും ഇവന്റ് മാനേജ്‌മെന്റിനും മാത്രമായി ഇത്ര വലിയ തുക അനുവദിച്ചതിൽ ദുരൂഹതയുണ്ട്. കരാർ പ്രകാരം നാല് കോടി രൂപ മുൻകൂറായി നൽകണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, വിശിഷ്ട അതിഥികളുടെ താമസത്തിനായി കുമരകത്തെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 12.5 ലക്ഷം രൂപ മുൻകൂറായി നൽകിയതും ധൂർത്തിന്റെ തെളിവായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പന്തൽ നിർമ്മാണമുൾപ്പെടെയുള്ള പ്രവൃത്തികൾക്ക് കൃത്യമായ ടെൻഡർ നടപടികൾ പാലിക്കാതെയാണ് അനുമതി നൽകിയത്. പരിപാടിക്കായി ആരൊക്കെ സ്പോൺസർഷിപ്പ് നൽകിയെന്നോ എത്ര തുക ലഭിച്ചുവെന്നോ ഉള്ള കാര്യത്തിൽ ദേവസ്വം ബോർഡിന് വ്യക്തതയില്ല.മതിയായ ജിഎസ്ടി ബില്ലുകളോ രേഖകളോ ഇല്ലാത്തതിനാൽ ഓഡിറ്റിംഗ് തടസ്സപ്പെട്ടു. വരവിൽ കവിഞ്ഞ ചെലവുകൾ ഉണ്ടായതാണ് ദേവസ്വം ബോർഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.

ഭക്തരുടെ പണം ആഡംബരങ്ങൾക്കായി വകമാറ്റിയെന്ന ആരോപണം ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും സാധ്യതയുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.