സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ കിരീടമോഹം പൊലിഞ്ഞു! സര്‍വീസസിന് നാടകീയ വിജയം; 109-ാം മിനിറ്റില്‍ കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് അഭിഷേക് പവാറിന്റെ ഗോള്‍

ധാക്കുവാഖ : ആസാമിലെ ധാക്കുവാഖാനയില്‍ നടന്ന 79-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളത്തിന് കണ്ണീര്‍ മടക്കം. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സര്‍വീസസ് തങ്ങളുടെ എട്ടാം കിരീടം സ്വന്തമാക്കി.നിശ്ചിത സമയമായ 90 മിനിറ്റിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. ഇതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.

109-ാം മിനിറ്റില്‍ അഭിഷേക് പവാറാണ് സര്‍വീസസിന്റെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിനെതിരെ കളിച്ചപ്പോഴും വിജയഗോള്‍ നേടിയത് പവാര്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കേരളം മുന്നിട്ടുനിന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

27-ാം മിനിറ്റില്‍ വി. അര്‍ജുന്‍ തൊടുത്ത ലോംഗ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചത് കേരളത്തിന് വലിയ തിരിച്ചടിയായി. ടി. ഷിജിന് ലഭിച്ച സുവര്‍ണ്ണാവസരങ്ങളും ലക്ഷ്യത്തിലെത്തിയില്ല.സര്‍വീസസ് ഗോള്‍കീപ്പര്‍ ഗഗന്‍ദീപിന്റെ മികച്ച സേവുകളും സര്‍വീസസിന്റെ പ്രതിരോധ തന്ത്രവും കേരളത്തിന്റെ കിരീടമോഹങ്ങള്‍ തകര്‍ത്തു.

ഇത് ഒമ്പതാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ പരാജയപ്പെടുന്നത്.സര്‍വീസസ് തങ്ങളുടെ എട്ടാം കിരീടം നേടിയപ്പോള്‍, കേരളത്തിന്റെ എട്ടാം കിരീടമെന്ന സ്വപ്‌നം ഇനിയും ബാക്കിയായി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.