എന്‍സിപിയില്‍ ലയന നീക്കം; അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ പവാര്‍ കുടുംബം ഒന്നിക്കുന്നു? കേരളത്തില്‍ ശശീന്ദ്രനും സംഘവും വെട്ടിലാകും

അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ എൻസിപിയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ. ശരദ് പവാർ കുടുംബം ഒന്നിക്കുമോ?
തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, കേരളത്തിലെ എന്‍സിപി ഘടകവും ഇടതുമുന്നണിയും ആശങ്കയില്‍. അജിത് പവാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഇരുവിഭാഗം എന്‍സിപികളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ വേഗത്തിലാകുമെന്നാണ് സൂചന. എന്നാല്‍ ലയിച്ചുണ്ടാകുന്ന പുതിയ രൂപം എന്‍ഡിഎക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ അത് കേരളത്തിലെ എന്‍സിപിക്ക് കനത്ത തിരിച്ചടിയാകും.
നിലവില്‍ അജിത് പവാര്‍ പക്ഷത്തിനാണ് ഔദ്യോഗിക എന്‍സിപി എന്ന അംഗീകാരവും ‘ക്ലോക്ക്’ ചിഹ്നവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. ഇടതുമുന്നണിയില്‍ ശരത് പവാര്‍ പക്ഷത്തോടൊപ്പമാണ് കേരള ഘടകം നില്‍ക്കുന്നത്. ലയനത്തിന് ശേഷം പാര്‍ട്ടി ചിഹ്നം ‘ക്ലോക്ക്’ ആയി തുടരുകയും ദേശീയ നേതൃത്വം എന്‍ഡിഎയുമായി സഹകരിക്കുകയും ചെയ്താല്‍, അതേ ചിഹ്നത്തില്‍ മത്സരിക്കാന്‍ ഇടതുമുന്നണി എന്‍സിപിയെ അനുവദിക്കില്ല. എന്‍ഡിഎ ബന്ധമുള്ള ഒരു പാര്‍ട്ടിയെയും മുന്നണിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശം സിപിഎം ഇതിനോടകം നല്‍കിയിട്ടുണ്ട്.
എന്‍ഡിഎ ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാതെ അജിത് പവാര്‍ വിഭാഗവുമായി ലയനം സാധ്യമല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്നും എന്‍ഡിഎ പക്ഷത്തുള്ളവരുമായി ഒരുമിച്ച് പോകാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, അജിത് പവാറിന്റെ മരണത്തിന് മുന്‍പേ ഫെബ്രുവരി 8-ന് ലയന പ്രഖ്യാപനം നടത്താന്‍ ധാരണയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
എന്‍സിപി എംഎല്‍എമാര്‍ ഇപ്പോള്‍ ശരത് പവാറിനൊപ്പമാണെന്ന് അവകാശപ്പെടുമ്പോഴും സാങ്കേതികമായി എന്‍സിപി എന്ന ലേബലിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അയോഗ്യത ഒഴിവാക്കാനാണ്. എന്നാല്‍ ലയനം യാഥാര്‍ത്ഥ്യമാവുകയും പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്താല്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഒന്നുകില്‍ പാര്‍ട്ടി വിടേണ്ടി വരും, അല്ലെങ്കില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തേണ്ടി വരും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എന്‍സിപിയുടെ ഈ അവ്യക്തത ഇടതുമുന്നണിയില്‍ അവര്‍ക്കുള്ള വിലപേശല്‍ ശേഷി കുറയ്ക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനിടെ ശശീന്ദ്രന് സീറ്റ് കൊടുക്കരുതെന്ന സൂചനകളും ഉണ്ട്. മഹാരാഷ്ട്രയില്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ശേഷമേ കേരളത്തിലെ എന്‍സിപി ഘടകത്തിന്റെ ഭാവി കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നതാണ് വസ്തുത.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.