കൊല്‍ക്കത്ത : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി . ബാരാമതിയില്‍ നടന്ന വിമാനാപകടത്തില്‍ ദുരൂഹതയുണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നുമാണ് മമതയുടെ ആവശ്യം.
അജിത് പവാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്ത പരിപാടിയിലാണ് മമത ബാനര്‍ജി വിവാദ പരാമര്‍ശം നടത്തിയത്. എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അജിത് പവാറെന്നും, ആ സമയത്തുണ്ടായ അപകടം സ്വാഭാവികമല്ലെന്നുമാണ് മമത ആരോപിച്ചത്. രാഷ്ട്രീയ കാരണങ്ങളാല്‍ നടന്ന ഗൂഢാലോചനയാണോ ഇതെന്ന് കണ്ടെത്താന്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകര്‍ന്നത്. പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായാണ് സ്ഥിരീകരണം.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും പരിശോധിക്കുമെന്ന് മഹാരാഷ്ട്ര പോലീസ് അറിയിച്ചു. മോശം കാലാവസ്ഥയാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു വരികയാണ്.
1959-ല്‍ ജനിച്ച അജിത് പവാര്‍ എട്ട് തവണ നിയമസഭാംഗമായി ബാരാമതിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് തവണ ഉപമുഖ്യമന്ത്രി പദവി അലങ്കരിച്ച അദ്ദേഹം മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായിരുന്നു. എന്‍സിപിയിലെ പിളര്‍പ്പിന് ശേഷം എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായി തുടരുകയായിരുന്നു അദ്ദേഹം.


“എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ മഹാദേവന്റേത്”; ജാമിയ വിസിയുടെ പ്രസംഗം വിവാദത്തിൽ ,ആർഎസ്എസ് പരിപാടിക്ക് വേദിയൊരുക്കിയതിനെതിരെ ക്യാമ്പസിൽ പ്രതിഷേധം
ടിസിഎസ് നാസിക് ബ്രാഞ്ചില്‍ പീഡനവും മതപരിവര്‍ത്തനവും; എച്ച്ആര്‍ മാനേജര്‍ ഒളിവില്‍; രാജ്യം നടുങ്ങിയ ക്രൂരത പുറത്തു വന്ന കഥ; ടാറ്റാ കണ്‍സള്‍ട്ടസിയില്‍ വിവാദം കത്തുമ്പോള്‍





