തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങളേയും തൃപ്തിപ്പെടുത്തി പൊതുവില്‍ നല്ല അഭിപ്രായം നേടിയെടുത്തപ്പോള്‍ തെരഞ്ഞെടുപ്പിനെ വികസനം പറഞ്ഞ് അഭിമുഖീകരിക്കാന്‍ നിന്ന സംസ്ഥാന ബി.ജെ.പിക്ക് കേന്ദ്ര നേതൃത്വം നല്‍കിയ ഇരുട്ടടിയായി മാറി കേന്ദ്ര ബജറ്റ്. പതിവുപോലെ ഇക്കുറിയും കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരളം ആവശ്യപ്പെട്ട പദ്ധതികള്‍ ഒന്നുമില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ലഭിക്കുന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പതിനാറാം ധനകമ്മിഷന്‍ ശിപാര്‍ശയിലും കേരളം വലിയ പ്രതീക്ഷ വയ്‌ക്കേണ്ടതില്ലെന്നാണ് അറിയുന്നത്.
ബിജെപിയെ ജയിപ്പിക്കാന്‍ യൂസഫലി അന്തര്‍ധാരയുണ്ടാക്കി; ഗുരുതര ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്
കെ-റെയിലിനെ എതിര്‍ത്ത് ഇല്ലാതാക്കിയതിനുള്ള മറുപടിയായി കേന്ദ്രം ഒരു അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് അനുവദിക്കുമെന്നായിരുന്നു ബി.ജെ.പി കേന്ദ്രങ്ങള്‍ നടത്തിയിരുന്ന പ്രചാരണം. അതിന് ഉപോല്‍ബലകമായി മെട്രോമാന്‍ ഇ. ശ്രീധരനെ രംഗത്തിറക്കി ഒരു വലിയ പ്രതീക്ഷയൊക്കെ സൃഷ്ടിക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇക്കുറി കേന്ദ്ര ബജറ്റില്‍ ഏഴില്‍പരം അതിവേഗ റെയില്‍ കോറിഡോറുകള്‍ പ്രഖ്യാപിച്ചിട്ട് ഒരെണ്ണം പോലും കേരളത്തിനില്ലെന്നതാണ് ഏറെ ശ്രദ്ധേയം. കേരളത്തിനോടൊപ്പം തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന തമിഴ്‌നാടിന് രണ്ട് അതിവേഗ റെയില്‍ കോറിഡോര്‍ നല്‍കിയപ്പോള്‍ പതിവുപോലെ കേരളത്തെ തഴയുകയും ചെയ്തു.
അതുപോലെത്തന്നെയാണ് എയിംസിന്റെ കാര്യത്തിലും രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി എയിംസ് അനുവദിച്ചുകഴിഞ്ഞു. കേരളത്തെ മാത്രമാണ് എല്ലാവര്‍ഷവും അവഗണിച്ചുകൊണ്ടിരിക്കുന്നത്. ഇക്കുറിയും അതിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ചുരുക്കത്തില്‍ കേരളം ആവശ്യപ്പെട്ട ഒന്നും തന്നെ ബജറ്റിലില്ലെന്നതാണ് പ്രത്യേകത. പിന്നെ ആകെ ആശ്വസിക്കാനുള്ളത് ധാതു ഇടനാഴിയാണ്. അത് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കേരളം സൂചിപ്പിച്ചിരുന്നതുമാണ്. ഈ ധാതു ഇടനാഴിയെ സംബന്ധിച്ച് തന്നെ സംശയങ്ങളും പലരും പ്രകടിപ്പിച്ചുതുടങ്ങിയിട്ടുമുണ്ട്. കേരളത്തിലെ വിലമതിക്കാനാകാത്ത ധാതുക്കള്‍ കവര്‍ന്നുകൊണ്ടുപോകുന്നതിനുള്ള തന്ത്രമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്.
എല്ലാത്തിനുപരിയായി കേന്ദ്രം കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിനെതിരെ നടത്തികൊണ്ടിരിക്കുന്ന സാമ്പത്തിക ഉപരോധം വീണ്ടും തുടരും എന്ന സൂചനയും ബജറ്റിലൂടെ വരുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പതിനാറാം ധനകാര്യകമ്മിഷന്‍ ശിപാര്‍ശ അംഗീകരിച്ചതായി മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ഉയര്‍ത്തിയിട്ടില്ല. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 50% മാക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിലവിലെ 41% മായി തന്നെ നിലനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. ഇതില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിഹിതത്തില്‍ ഒരു വര്‍ദ്ധനയും പ്രതീക്ഷിക്കേണ്ടതില്ലെന്നത് തന്നെയാണ്.
ചുരുക്കത്തില്‍ കേരളത്തിന് ഒരു പ്രതീക്ഷയും വയ്ക്കാനില്ലാത്തതാണ് ഈ ബജറ്റ് എന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കേരളം വേണമെങ്കില്‍ സ്വന്തം നിലയില്‍ മുന്നോട്ടുപോയിക്കോട്ടെ എന്ന നില തന്നെയാണ് ഇക്കുറിയും സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന ഘട്ടത്തില്‍ ഇത് സംസ്ഥാന ബി.ജെ.പിക്ക് ഏറ്റ് വലിയ തിരിച്ചടികൂടിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് കാര്യമായ അനുഭാവം പ്രകടിപ്പിച്ച സംസ്ഥാനത്തിന് ഒന്നും നല്‍കിയില്ലെന്ന വികാരം ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, വികസനവും കേന്ദ്രത്തിന്റെ പദ്ധതിയും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ബി.ജെ.പിയുടെ നീക്കം. അതില്‍ തന്നെ അവര്‍ ഏറ്റവും പ്രധാനമായി ഉയര്‍ത്തിക്കാട്ടാനിരുന്നതാണ് അതിവേഗ റെയില്‍പാതയും എയിംസും. കേരളത്തില്‍ നിന്നുള്്‌ള കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി എയിംസിന്റെ കാര്യം പലകുറി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് രണ്ടും അനുവദിക്കാത്തത് കേരളത്തിലെ ബി.ജെ.പി ക്യാമ്പിനെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം ഇത് ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ വലിയ ഒരു ആയുധവുമായിട്ടുണ്ട്. അതിവേഗ റെയില്‍ പാത കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പില്ലായിരുന്നെങ്കിലും സംസ്ഥാന ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈയടി നേടുകയും ചെയ്തു. കേന്ദ്രത്തിന്റെ അംഗീകാരം ഉണ്ടെങ്കിലേ പദ്ധതി നടപ്പാക്കാനാകൂവെങ്കില്‍ കൂടിയും പറഞ്ഞുനില്‍ക്കാനുള്ള ഒരു ആയുധമായി ഇതിനെ ഉപയോഗിക്കാന്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും കഴിയും. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്ന ഇടതുമുന്നണിക്ക് കേന്ദ്രം കാട്ടുന്ന അവഗണന നല്ലൊരു പ്രചാരണ വിഷയവുമാകും.
ഇടതുമുന്നണിയെ ആക്രമിക്കുന്ന യു.ഡി.എഫ് ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം എടുക്കില്ലെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിനുള്ളത്. അതുകൊണ്ടുതന്നെ തങ്ങളുടെ ബി.ജെ.പി വിരുദ്ധ നിലപാട് ശക്തമായി അവതരിപ്പിക്കുന്നതിന് ഈ ബജറ്റിനെ ഉപയോഗിക്കുക എന്ന തന്ത്രമായിരിക്കും വരുംദിവസങ്ങളില്‍ സി.പി.എം പയറ്റാന്‍ പോകുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇടതുമുന്നണിയുടെ വികസന മേഖലാ ജാഥകള്‍ ഇന്നുമുതല്‍ ആരംഭിക്കുകയാണ്. ഇതില്‍ ഇനിയുള്ള ദിവസങ്ങളില്‍ മുഴച്ചുനില്‍ക്കാന്‍ പോകുന്നത് ഈ വിഷയങ്ങള്‍ തന്നെയായിരിക്കുമെന്നതില്‍ തര്‍ക്കവുമില്ല.


കാലിതീറ്റയില്‍ ലാലുവിനെ അഴിക്കുള്ളിലാക്കിയ സിബിഐ മികവ്; ഇന്ത്യയുടെ സാങ്കേതിക രഹസ്യാന്വേഷണ ഏജന്‍സിയിലെ ജോയിന്റെ ഡയറക്ടര്‍; നടിയെ ആക്രമിച്ച കേസില്‍ ഈ ഉദ്യോഗസ്ഥന് എന്തു കൊണ്ട് ദിലീപിനെ ചോദ്യം ചെയ്തില്ല? ദിലീപിനെ വെറുതെ വിട്ടപ്പോള്‍ വിചാരണ കോടതി ചര്‍ച്ചയാക്കിയത് ഈ അസ്വാഭാവികത; ദിനേന്ദ്ര കശ്യപിന് മടങ്ങി വരവില്‍ ഏത് പദവി കിട്ടും?





