വിപ്ലവ സിംഹത്തിനുള്ള ‘പത്മവിഭൂഷണ്‍’ സിപിഎം സ്വീകരിക്കും; വിവാദങ്ങളില്ലാതെ ഇത്തവണ തെറ്റു തിരുത്തും; നിലപാട് പറഞ്ഞ് എംവി ഗോവിന്ദന്‍; വിഎസിന്റെ കുടുംബവും സന്തോഷത്തില്‍; ഇനി പിണറായിയ്ക്കും ‘പത്മം’ വാങ്ങാം

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളെന്നു കേട്ടാല്‍ പുച്ഛിച്ചു തള്ളിയിരുന്ന കാലത്തിന് സി.പി.എം തിരശ്ശീലയിടുന്നു. വിപ്ലവ സിംഹം വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുമ്പോള്‍, ‘വിവാദത്തിനില്ല’ എന്ന് പ്രഖ്യാപിച്ച് അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് എ.കെ.ജി സെന്റര്‍. പണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാടും ബുദ്ധദേബ് ഭട്ടാചാര്യയും പത്മം തട്ടിത്തെറിപ്പിച്ചത് അവരുടെ ‘വ്യക്തിപരമായ’ കാര്യമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. വി.എസിനുള്ള ആദരത്തെ സ്വാഗതം ചെയ്യുന്നതിലൂടെ ഭാവിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പത്മ പുരസ്‌കാരം സ്വീകരിക്കാനുള്ള ‘ഗ്രീന്‍ സിഗ്‌നല്‍’ നല്‍കുകയാണ് സി.പി.എം.
ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാത്തത് ‘ഹിമാലയന്‍ ബ്ലണ്ടര്‍’ എന്ന് വിലയിരുത്തിയ പാര്‍ട്ടി, പത്മ പുരസ്‌കാരങ്ങള്‍ നിരസിക്കുന്നതും വലിയ അബദ്ധമാണെന്ന തിരിച്ചറിവിലാണ്. എല്ലാ മുഖ്യമന്ത്രിമാരെയും ആദരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ശൈലി പിന്തുടര്‍ന്ന് ഭാവിയില്‍ പിണറായി വിജയനും പത്മ പുരസ്‌കാരം ലഭിച്ചേക്കാം. അന്ന് നാണക്കേടില്ലാതെ അത് വാങ്ങിയെടുക്കാനുള്ള മുന്‍കൂര്‍ ജാമ്യമാണ് ഇപ്പോള്‍ വി.എസിന്റെ പേരില്‍ ഗോവിന്ദന്‍ എടുത്തിരിക്കുന്നത്. ദേശീയതയ്ക്കും ജനകീയ വികാരത്തിനുമൊപ്പം നില്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ പ്രതിരോധിക്കാനാണ് സഖാക്കളുടെ നീക്കം.
കുടുംബത്തിന് ആഹ്ലാദം നൂറു വയസ്സ് തികച്ച് വിടവാങ്ങിയ വി.എസിന് രാജ്യം നല്‍കിയ ആദരത്തില്‍ മകന്‍ വി.എ. അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അതീവ സംതൃപ്തരാണ്. പുന്നപ്ര-വയലാറിന്റെ കനല്‍വഴികളിലൂടെ നടന്നുകയറിയ പോരാളിക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ കടപ്പാടാണിത്. കേന്ദ്രത്തിന്റെ തന്ത്രമായാലും അല്ലെങ്കിലും വി.എസിനെ തള്ളിക്കളഞ്ഞാല്‍ ജനരോഷം ഇരമ്പുമെന്ന് സി.പി.എമ്മിന് നന്നായറിയാം. അതുകൊണ്ട് തന്നെ പണ്ട് ഇ.എം.എസ് കാണിച്ച ‘തന്റേടം’ ഇപ്പോള്‍ വി.എസിന്റെ കാര്യത്തില്‍ വേണ്ടെന്നാണ് പാര്‍ട്ടി ലൈന്‍.
മലയാളി തിളക്കത്തില്‍ പുരസ്‌കാരപ്പട്ടിക വി.എസിനൊപ്പം നിയമവിശാരദന്‍ ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളത്തിന്റെ പെരുമ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചതും രാഷ്ട്രീയ കേരളം വലിയ ആഘോഷമാക്കുകയാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയ കേന്ദ്ര നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നൃത്തരംഗത്തെ വിസ്മയം കലാമണ്ഡലം വിമല മേനോന്‍, പരിസ്ഥിതി പ്രവര്‍ത്തക ദേവകിയമ്മ എന്നിവര്‍ പത്മശ്രീ തിളക്കത്തിലുമെത്തി.
ഇടതുപക്ഷത്തെയും ഈഴവ സമുദായത്തെയും ഒരേപോലെ പ്രീണിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാനിന് മുന്നില്‍ സി.പി.എം മുട്ടുമടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.