ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ സർക്കാർ ജീവനക്കാർക്ക് പുതിയ നിബന്ധനകൾ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ഭൂമിശാസ്‌ത്രപരമായി ബുദ്ധിമുട്ടുള്ള ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. കാസർഗോഡ്,വയനാട്, ഇടുക്കി ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാനാണ് പുതിയ നടപടികൾ.
ഈ മൂന്നു ജില്ലകളിൽ നിയമിക്കപ്പെടുന്ന സർക്കാർ ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഭരണ പരിഷ്കാര വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കി.
കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ സർക്കാർ ജീവനക്കാർ അവധിയെടുത്തും സ്ഥലം മാറ്റം വാങ്ങിയും മറ്റു മാർഗങ്ങളിലൂടെയും ഒഴിഞ്ഞു പോകുന്നതിനാൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ ദുസ്ഥിതി ഒഴിവാക്കുന്നതിനായി അവിടെ നിയമിക്കപ്പെടുന്നവർ നിശ്ചിത കാലയളവിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ ഉത്തരവിന്റെ ഉദ്ദേശ്യം.
ഈ മൂന്ന് ജില്ലകളിലേക്കുള്ള സ്ഥലംമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി ആ ജില്ലകളിൽ ജോലി ചെയ്യുന്ന ഒരു വർഷത്തെ സേവനം മറ്റ് ജില്ലകളിലെ രണ്ട് വർഷത്തെ സേവനത്തിന് തുല്യമായി പൊതുസ്ഥലംമാറ്റത്തിന് ഇനിമുതൽ പരിഗണിക്കും.
നിർബന്ധിത സേവന കാലയളവിൽ ചികിത്സാപരമായ കാരണങ്ങൾ ഒഴികെ 30 ദിവസത്തിൽ കൂടുതൽ അവധിയെടുക്കുന്നവർ ആ അവധി ദിവസങ്ങൾക്ക് തുല്യമായ കാലയളവ്കൂടി അധികമായി ആ ജില്ലയിൽ ഇനി മുതൽ ജോലി ചെയ്തേ മതിയാകൂ.
ഇങ്ങനെ അധികമായി ജോലിചെയ്യേണ്ടി വരുന്നവരെ പൊതുസ്ഥലംമാറ്റ നടപടികൾക്ക് പുറമെ സ്ഥലംമാറ്റം നൽക്കുന്നതിന് ഇനിമുതൽ പരിഗണിക്കും. ഉദ്യോഗക്കയറ്റം വഴിയോ സ്ഥലംമാറ്റം വഴിയോ ഈ ജില്ലകളിൽ എത്തുന്നവർ ഉടൻ അവധിയെടുക്കുന്നത് തടയും. ഒഴിവാക്കാനാവാത്ത ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ ഇനി അവധി അനുവദിക്കില്ല.
 ഈ ജില്ലകളിൽ നിർബന്ധിത സേവനം പൂർത്തിയാക്കുന്നവർക്ക് തുടർന്നുണ്ടാകുന്ന സ്ഥലംമാറ്റങ്ങളിൽ അവർ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് പ്രഥമ മുൻഗണന നൽകും. കാസർഗോട്, വയനാട്, ഇടുക്കി ജില്ലകൾ തിരഞ്ഞെടുത്ത് പി.എസ്.സി വഴി നിയമിതരാകുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 10 വർഷത്തേക്ക് ഈ ജില്ലകളിൽ തന്നെ ജോലിനോക്കണം. വർക്കിംഗ് അറേഞ്ച്മെന്റ്, അന്യത്രസേവനം, സ്ഥലമാറ്റം, പരസ്പര സ്ഥലം മാറ്റം എന്നിവ ഇനിമുതൽ അനുവദിക്കില്ല.
ഇക്കാര്യം പി.എസ്.സി വിജ്ഞാപനത്തിൽ പ്രത്യേകം ഉൾപ്പെടുത്തും. ഇതിനുപുറമെ നിയമനസമയത്ത് സമ്മതപത്രം വാങ്ങും.  ഈ ജില്ലകൾ ഓപ്റ്റ് ചെയ്ത് ജോലിയിൽ പ്രവേശിക്കുന്നവരുടെ ഉദ്യോഗക്കയറ്റം ഒഴിവുകൾ ഉണ്ടെങ്കിൽ ഈ ജില്ലകളിൽതന്നെ പരിമിതപ്പെടുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.