ചെങ്ങന്നൂര്‍: ഭക്തിയുടെ മറവില്‍ ശബരിമലയില്‍ നടന്ന വന്‍ സ്വര്‍ണ്ണക്കൊള്ളയുടെ ചുരുളഴിക്കാന്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) തന്ത്രി കണ്ഠര് രാജീവരുടെ വസതിയില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തി. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ശനിയാഴ്ച ഉച്ചയ്ക്ക് 2.50-ഓടെയാണ് മുണ്ടന്‍കാവിലെ തന്ത്രിയുടെ വീട്ടില്‍ പരിശോധന ആരംഭിച്ചത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള നിഗൂഢമായ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ തേടിയായിരുന്നു എട്ടംഗ സംഘത്തിന്റെ ഈ നീക്കം.
ദിലീപിന് വീണ്ടും തിരിച്ചടി: എറണാകുളം ശിവക്ഷേത്രത്തിലെ ചടങ്ങിന് ക്ഷണിച്ചത് വിവാദമായി; ഒഴിവാക്കി
പരിശോധനയുടെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു വീട്ടിലെ ദൃശ്യങ്ങള്‍. റെയ്ഡ് സമയത്ത് തന്ത്രിയുടെ അഭിഭാഷക കൂടിയായ മരുമകളെപ്പോലും ആദ്യം അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ബന്ധുക്കളെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ വീട് പൂര്‍ണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. തന്ത്രിയുടെ ഭാര്യയും കുടുംബാംഗങ്ങളും വീട്ടിലുള്ളപ്പോഴായിരുന്നു മണിക്കൂറുകള്‍ നീണ്ട ഈ പരിശോധന.
വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ തന്ത്രി ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും, തെളിവുകള്‍ നിരത്തിയതോടെ കണ്ഠര് രാജീവര്‍ക്ക് മറുപടിയില്ലാതായി. ദേവസ്വം മാനുവല്‍ കാറ്റില്‍ പറത്തി സ്വര്‍ണ്ണത്തിന് പകരം ചെമ്പ് ഉപയോഗിച്ച മഹസറില്‍ ബോധപൂര്‍വ്വം ഒപ്പിട്ടുവെന്ന ഗുരുതര കണ്ടെത്തലാണ് തന്ത്രിയെ കുടുക്കിയത്. ശനിയാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹത്തെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
“നെഞ്ചത്ത് കൈവെച്ച് പറയാം, അതിനപ്പുറം മറ്റൊരു മോഹമില്ല!” ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പദവിയാണ് ജീവിതത്തിലെ വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ ഉന്നത അധികാരി എന്ന നിലയിലുള്ള വിശ്വാസവഞ്ചന തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങള് മോഷ്ടിച്ച കേസിലും തന്ത്രിയെ പ്രതി ചേര്‍ക്കാന്‍ പോലീസ് ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ‘യഥാര്‍ത്ഥ വില്ലന്‍’ ഇനിയും പുറത്തുവരാനുണ്ടെന്ന ചര്‍ച്ചകള്‍ സജീവമാണ്. തന്ത്രിയുടെ വീട്ടില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക രേഖകള്‍ ഈ വമ്പന്‍ സ്രാവുകളിലേക്കുള്ള വഴിതുറക്കുമെന്നാണ് എസ്.ഐ.ടിയുടെ വിശ്വാസം.







