ശബരിമലയില്‍ തന്ത്രി കുടുങ്ങുമ്പോള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ സി.പി.എമ്മിന് വീണുകിട്ടിയ ‘സ്വര്‍ണ്ണനിധി’! തന്ത്രിയുടെ അറസ്റ്റ് യു.ഡി.എഫിനും ബി.ജെ.പിക്കും പ്രഹരമാകുമോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് ശബരിമല തന്ത്രിയുടെ അറസ്റ്റ്. അയ്യപ്പന്റെ കാവലാളാകേണ്ട തന്ത്രി തന്നെ സ്വര്‍ണ്ണക്കൊള്ള സംഘത്തിന്റെ ഭാഗമായെന്ന വാര്‍ത്ത സി.പി.എമ്മിന് ലഭിച്ച വലിയൊരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. മറുഭാഗത്ത് ഇ.ഡി അന്വേഷണം മുറുകുന്നതിനിടെ തന്ത്രിയെ അകത്താക്കി തിരിച്ചടിക്കുകയാണ് സര്‍ക്കാര്‍.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്ത്രി അറസ്റ്റിലായത് വോട്ടാക്കി മാറ്റാനാണ് സി.പി.എം നീക്കം. തന്ത്രിയെ പ്രതികളുടെ ഭാഗമായി ചിത്രീകരിക്കുന്നതിലൂടെ വിശ്വാസികളുടെ ഇടയില്‍ തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

തന്ത്രിയുടെ അറസ്റ്റ് തങ്ങളുടെ രാഷ്ട്രീയ പകപോക്കലായി വ്യാഖ്യാനിക്കപ്പെടാതിരിക്കാന്‍ സി.പി.എം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം നീങ്ങുന്നതെന്ന് ആവര്‍ത്തിച്ചു പറയുന്നതിലൂടെ അറസ്റ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമം.

ആചാരസംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് തന്ത്രിയുടെ അറസ്റ്റ് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഏറ്റ ഈ പ്രഹരത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും ബി.ജെ.പിയും അമ്പരപ്പിലാണെന്ന് സിപിഎം വിലയിരുത്തുന്നു. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അതീവ കരുതലോടെയാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ വട്ടമിടുമ്പോള്‍, ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ തന്ത്രിയുടെ പങ്കു പുറത്തുകൊണ്ടുവന്ന് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഒരു മുന്‍ മന്ത്രിയുടെ അറസ്റ്റ് ഉടന്‍ നടന്നേക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്.

ഒരു വശത്ത് തന്ത്രിയുടെ അറസ്റ്റിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുമ്പോഴും, മറുവശത്ത് ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകളെ ആക്രമിച്ചുകൊണ്ട് നിക്ഷ്പക്ഷ വോട്ടര്‍മാരുടെ ഇടയില്‍ ‘മതനിരപേക്ഷ’ പ്രതിച്ഛായ ഉറപ്പിക്കാനും പിണറായി വിജയന്‍ ശ്രമിക്കുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.