‘പോടാ പുല്ലേ’ പ്രയോഗം അതിരുവിട്ടു; മേയര്‍ പദവിയില്‍ വാഗ്ദാന ലംഘനം; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍. ശ്രീലേഖ; തുറന്നുപറച്ചിലില്‍ കടുപ്പിച്ച് ആര്‍ എസ് എസ്; നിയമസഭയില്‍ സീറ്റുണ്ടാകില്ല

തിരുവനന്തപുരം: മേയര്‍ സ്ഥാനത്തെ ചൊല്ലി ബിജെപി നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് കൗണ്‍സിലറും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍. ശ്രീലേഖ രംഗത്തെത്തിയതിനെ ആര്‍ എസ് എസ് ഗൗരവത്തില്‍ എടുക്കും. മേയര്‍ സ്ഥാനം വാഗ്ദാനം നല്‍കിയാണ് തന്നെ മത്സരത്തിനിറക്കിയതെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ആ വാഗ്ദാനം ലംഘിച്ചുവെന്നും അവര്‍ തുറന്നടിച്ചു. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഇറങ്ങിപ്പോകാത്തതെന്നും അവര്‍ വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. ഇത് പരിവാറുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റും നല്‍കില്ല.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടിയുടെ മുഖമായി തന്നെ ഉയര്‍ത്തിക്കാട്ടുകയും മാധ്യമ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും ഫലം വന്നപ്പോള്‍ എന്തോ കാരണത്താല്‍ സാഹചര്യം മാറുകയാണുണ്ടായതെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി. വി.വി. രാജേഷിനെ മേയറായും ആശാനാഥിനെ ഡെപ്യൂട്ടി മേയറായും നിശ്ചയിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണെന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞെന്നും രാഷ്ട്രീയമാകുമ്പോള്‍ താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവസാന നിമിഷം തന്നെ തഴഞ്ഞതിലുള്ള അതൃപ്തി മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങിപ്പോയതിലൂടെ വ്യക്തമായിരുന്നുവെങ്കിലും വോട്ടര്‍മാരോടുള്ള കൂറ് പ്രമാണിച്ച് അഞ്ച് വര്‍ഷം കൗണ്‍സിലറായി തുടരുമെന്നാണ് ഇപ്പോള്‍ ശ്രീലേഖ അറിയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലേഖയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മേയര്‍ വിവി രാജേഷും രംഗത്തു വന്നു. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് അപ്പുറം കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും മറ്റ് കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിവി രാജേഷ് പറഞ്ഞു. കോര്‍പറേഷന്‍ ഭരണത്തിനായി ശ്രീലേഖ ഉള്‍പ്പെടെ നന്നായി ഇടപെടുന്നുണ്ടെന്നും തങ്ങള്‍ തമ്മില്‍ ഇനിയും കാണുമല്ലോ എന്നും എന്താണെന്ന് അന്വേഷിക്കട്ടേയെന്നും രാജേഷ് പ്രതികരിച്ചു.
‘ഞാനായിരിക്കും തിരഞ്ഞെടുപ്പിന്റെ മുഖം എന്ന് പറയുന്നത് കേട്ടപ്പോഴാണ് മത്സരിക്കാന്‍ സമ്മതിച്ചത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും കിട്ടി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചു. ഞാന്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അങ്ങനെ പറഞ്ഞാണ് പ്രചാരണം നടത്തിയത്. മാധ്യമങ്ങളിലും ചര്‍ച്ചകള്‍ക്ക് വിട്ടത് എന്നെയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യംമാറി, കാരണം അറിയില്ലെന്നും ശ്രീലേഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനെയാണ് ആര്‍ എസ് എസ് ഗൗരവത്തില്‍ എടുക്കുന്നത്. അതൃപ്തിയും അറിയിച്ചു. ഇതിന് പിന്നാലെ അവര്‍ നിലപാട് മയപ്പെടുത്തി.
മേയര്‍ ആക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ആവര്‍ത്തിക്കുകയും ചെയ്തു അപ്പോഴും ശ്രീലേഖ. പരിഗണിക്കാത്തതില്‍ വിഷമമോ നീരസമോ ഇല്ല. രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത സത്യസന്ധത തനിക്കുണ്ടെന്നും അതുകൊണ്ടാണ് പറഞ്ഞതെന്നും ശ്രീലേഖ പറഞ്ഞു. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന ശ്രീലേഖയുടെ തുറന്നുപറിച്ചില്‍ ചര്‍ച്ചയായതോടെയാണ് പ്രതികരണം വീണ്ടും നടത്തിയത്. ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിസമ്മതിച്ചിരുന്നു. മൂന്ന് തവണ വിസമ്മതിച്ചു. വെറും കൗണ്‍സിലറായിട്ടല്ല മത്സരിപ്പിക്കുന്നത്, പാര്‍ട്ടിയുടെ മുഖമായിരിക്കും, എല്ലാവരെയും വിജയിപ്പിച്ചെടുക്കണം, മേയറായി പരിഗണിക്കും എന്നായിരുന്നു പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം മേയര്‍ പദവി സംബന്ധിച്ച് സമന്വയത്തിലെത്തേണ്ട ഘട്ടത്തില്‍ കൗണ്‍സിലര്‍മാരെ വിളിച്ച് അഭിപ്രായം തേടി. കേന്ദ്ര സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് ഞാനും പറഞ്ഞത്. അനുഭവസമ്പത്തുള്ളയാല്‍ മേയറാവുന്നതില്‍ എനിക്ക് നിരാശയോ നീരസമോ ഇല്ലെന്നും പ്രതികരിച്ചു.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശ്രീലേഖ അറിയിച്ചു. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും. രാജേഷിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഓഫര്‍ ചെയ്തില്ല. സ്ഥാനമാനങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല ബിജെപിയില്‍ എത്തിയത്. എല്ലാവരേയും പോലെ വെരകാന്‍ അറിയില്ല. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. സംസ്ഥാനം ബിജെപി ഭരിക്കണം എന്നാഗ്രഹിക്കുന്നയാളാണ് ഞാനെന്നും ശ്രീലേഖ പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ ആയതെന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.