തിരുവനന്തപുരം: ഒന്നാം ഇ.എം.എസ്. മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സി. അച്ചുതമേനോന് സംസ്ഥാനത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1957 ജൂണ്‍ 7-നായിരുന്നു. കൃത്യം 69 വര്‍ഷങ്ങള്‍ക്കു ശേഷം, മറ്റൊരു ജൂണ്‍ മാസത്തില്‍ കേരളത്തിന്റെ 79-ാമത് ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശന് അടുത്ത വെള്ളിയാഴ്ച (ജൂണ്‍ 19) നിയമസഭയില്‍ അവതരിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിലും നിയമസഭാ ചരിത്രത്തിലും അപൂര്‍വമായ നിരവധി സവിശേഷതകളുമായാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ ഈ കന്നി ബജറ്റ് എത്തുന്നത്. ധനവകുപ്പിന്റെ ചുമതലകൂടി മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് വി.ഡി. സതീശന് ബജറ്റ് അവതരണം നേരിട്ട് നിര്‍വഹിക്കുന്നത്.
സമ്പദ്വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള വലിയ പദ്ധതി പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സതീശന് സര്‍ക്കാരിന്റെ ഈ ധനനയരേഖയില് എല്ലാവരും ഏറെ ഉറ്റുനോക്കുന്നത് കിഫ്ബിയുടെ (ഗകകഎആ) പുനഃസംഘടനയാണ്. കിഫ്ബിയെ പൂര്‍ണ്ണമായും ധനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനും, വരുമാനം ഉറപ്പാക്കുന്ന രീതിയില്‍ ഒരു ‘റവന്യൂ മോഡല്‍’ സംവിധാനത്തിലേക്ക് മാറ്റാനുമുള്ള നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമായൊരു ചരിത്രനേട്ടത്തിനരികെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ഈ മാസം 19-ന് സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെ, കേരളത്തില്‍ മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന ബഹുമതി സതീശന് സ്വന്തമാകും. കേരള ചരിത്രത്തില്‍ ഇതിനുമുമ്പ് ആര്. ശങ്കര്‍, ഉമ്മന്‍ ചാണ്ടി എന്നീ രണ്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ മാത്രമാണ് സഭയില്‍ ഈ ദൗത്യം നിര്‍വഹിച്ചിട്ടുള്ളത്.
കേരള സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ആര്. ശങ്കറാണ് മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിച്ച ആദ്യ വ്യക്തി. 1960-ലെ പട്ടം താണുപിള്ള മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു ശങ്കര്‍. 1962 സെപ്റ്റംബറില്‍ പട്ടം രാജിവെച്ചതിനെ തുടര്‍ന്ന് ശങ്കര്‍ മുഖ്യമന്ത്രിയായി. തുടര്‍ന്ന് 1963-64, 1964-65 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റ് അവതരിപ്പിച്ചത് മുഖ്യമന്ത്രിയായിരുന്ന ശങ്കറായിരുന്നു. ധനമന്ത്രി എന്ന നിലയില്‍ 1960 മാര്‍ച്ച് 18-ന് തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച ശങ്കര്‍, പിന്നീട് മുഖ്യമന്ത്രിയായും ധനമന്ത്രിയായും ആകെ അഞ്ച് ബജറ്റുകളുടെ സൃഷ്ടാവായി മാറി.
പിന്നീട് 2016-17 സാമ്പത്തിക വര്‍ഷത്തിലാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജി വെച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ധനവകുപ്പിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതാരകനായത്. ഇതിനു മുന്‍പ് 1991-ലെ കെ. കരുണാകരന് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി നാല് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ ഡോ. കെ.ജി. അടിയോടി, എം.കെ. ഹേമചന്ദ്രന്, എസ്. വരദരാജന് നായര്‍, സി.വി. പത്മരാജന്, കെ. ശങ്കരനാരായണന്, വക്കം പുരുഷോത്തമന് എന്നിവരും വിവിധ ഘട്ടങ്ങളില്‍ ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിച്ച പ്രമുഖരാണ്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലിരുന്ന മൂന്ന് ഘട്ടങ്ങളില്‍ ലോക്സഭയാണ് കേരളത്തിന്റെ ബജറ്റ് പാസാക്കിയിട്ടുള്ളത്.
പറവൂരില്‍ നിന്ന് വീണ്ടുമൊരു ധനകാര്യ അമരക്കാരന് ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രാദേശികമായ പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ട്. രണ്ടാം അച്ചുതമേനോന് മന്ത്രിസഭയില്‍ പറവൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗവും ധനകാര്യ-നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.ടി. ജോര്‍ജിന് ശേഷമാണ് മറ്റൊരു പറവൂരുകാരന് ഈ നിയോഗം ഏറ്റെടുക്കുന്നത്. നാലാം കേരള നിയമസഭയില്‍ കോണ്‍ഗ്രസ് കക്ഷിയുടെ ഉപനേതാവ് കൂടിയായിരുന്ന കെ.ടി. ജോര്‍ജ്, 1965, 1967, 1971 തിരഞ്ഞെടുപ്പുകളില്‍ പറവൂരില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
1972 ഫെബ്രുവരി 25-നാണ് കെ.ടി. ജോര്‍ജ് തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്. കൃത്യം 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പറവൂരില്‍ നിന്നുള്ള ജനപ്രതിനിധിയായ മുഖ്യമന്ത്രി വി.ഡി. സതീശന് ഈ മാസം 19-ന് തന്റെ ആദ്യ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്നത്. 69 വര്‍ഷത്തെ കേരളത്തിന്റെ ധനചരിത്രവും പറവൂരിന്റെ രാഷ്ട്രീയ പാരമ്പര്യവും ഒരുപോലെ സമ്മേളിക്കുന്ന ഒരു അപൂര്‍വ്വ മുഹൂര്‍ത്തത്തിനാകും അടുത്ത വെള്ളിയാഴ്ച കേരള നിയമസഭ സാക്ഷ്യം വഹിക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മന്ത്രിമാർ മറുപടി നൽകി, പക്ഷേ ജനങ്ങൾ കാണുന്നില്ല! നിയമസഭാ വെബ്സൈറ്റിൽ മറുപടികൾ അപ്രത്യക്ഷം
മന്ത്രിമാർ മറുപടി നൽകി, പക്ഷേ ജനങ്ങൾ കാണുന്നില്ല! നിയമസഭാ വെബ്സൈറ്റിൽ മറുപടികൾ അപ്രത്യക്ഷം






