തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി ധനസ്ഥിതി വിവരിക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരുമാനമെല്ലാം ദൈനംദിന ചെലവുകള്‍ക്കായി ചോര്‍ന്നുപോകുകയും വായ്പാ പരിധികള്‍ കടന്ന് ട്രഷറി പ്രവര്‍ത്തനം പൂര്‍ണ്ണമായി പ്രതിസന്ധിയിലാകുകയും ചെയ്തതോടെ കേരളം അഭൂതപൂര്‍വ്വമായ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് ധവളപത്രത്തിലെ വിവരങ്ങള്‍ അടിവരയിടുന്നു. ഖജനാവിലേക്ക് എത്തുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും കടത്തിന്റെ പലിശയും ശമ്പളവും നല്കാന് പോലും തികയാത്ത അവസ്ഥയിലാണ്. ചെലവുകള്‍ കൃത്രിമമായി നിയന്ത്രിക്കാന്‍ ജീവനക്കാരുടെയും വിരമിച്ചവരുടെയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിലൂടെ മാത്രം 48,733 കോടി രൂപയുടെ ഭീമമായ കുടിശ്ശിക ബാധ്യതയാണ് പുതിയ സര്‍ക്കാരിന് കൈമാറിക്കിട്ടിയിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ അറ്റ കടമെടുപ്പിനോളം വരുന്ന തുകയാണ്. റിസര്‍വ് ബാങ്കിന്റെ അടിയന്തര വായ്പകളെയും താല്‍ക്കാലിക പണലഭ്യത കുറവ് പരിഹരിക്കാനുള്ള സംവിധാനങ്ങളെയും ആശ്രയിച്ച് മാത്രം ട്രഷറി ജീവന് നിലനിര്‍ത്തുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.
വരുമാനത്തിന്റെ 77 ശതമാനവും ശമ്പളത്തിനും പലിശയ്ക്കും; വികസനത്തിന് വെറും 1.3 ശതമാനം മാത്രം
സംസ്ഥാനത്തിന്റെ ധനസ്ഥിതി അടിമുടി തകര്‍ന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ കൃത്യമായ കണക്കുകള്‍. സര്‍ക്കാരിന് ലഭിക്കുന്ന മൊത്തം റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്ഷന്, പലിശ തുടങ്ങിയ അനിവാര്യ ചെലവുകള്‍ക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്നു. ഇതില്‍ പലിശ ഇനത്തില്‍ മാത്രം വരുമാനത്തിന്റെ 20.9 ശതമാനം ചെലവാകുന്നുണ്ട്. ബാക്കി വരുന്ന തുക കൊണ്ട് ഭരണച്ചെലവുകള്‍ പോലും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ മൂലധന ചെലവ് മറ്റിന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ വെറും 1.3 ശതമാനം മാത്രമാണ് വികസന ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. ‘കടമെടുത്ത് നിക്ഷേപിക്കുക, വളര്‍ച്ചയിലൂടെ കടം വീട്ടുക’ എന്ന അടിസ്ഥാന സാമ്പത്തിക തത്വം സംസ്ഥാനം പൂര്‍ണ്ണമായി ലംഘിച്ചതാണ് ഈ തിരിച്ചടിക്ക് കാരണം.
രണ്ട് വര്‍ഷത്തിനിടെ 387 ദിവസം താല്‍ക്കാലിക വായ്പ; 2025-ല്‍ മാത്രം 84 ദിവസം ഓവര്‍ഡ്രാഫ്റ്റില്‍
സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക തകര്‍ച്ച നേരിട്ട് പ്രതിഫലിക്കുന്നത് ട്രഷറി പ്രവര്‍ത്തനങ്ങളിലാണ്. വരുമാനത്തേക്കാള്‍ ചെലവ് കുത്തനെ കൂടുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക വായ്പകളെയാണ് ട്രഷറി ആശ്രയിക്കുന്നത്. 2024-ല്‍ 125 ദിവസവും 2025-ല്‍ 262 ദിവസവും സംസ്ഥാനം റിസര്‍വ് ബാങ്കിന്റെ താല്‍ക്കാലിക വായ്പ സംവിധാനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോയത്. ഇതിലും ഭീതിദമായ കാര്യം, 2025-ല്‍ മാത്രം 84 ദിവസമാണ് സംസ്ഥാനം പൂര്‍ണ്ണമായും ഓവര്‍ഡ്രാഫ്റ്റിലായത് എന്നതാണ്. ഉയര്‍ന്ന പലിശ നിരക്കുള്ള ഇത്തരം താല്‍ക്കാലിക വായ്പകളെ സ്ഥിരമായി ആശ്രയിക്കുന്നത് ഖജനാവിന് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചു; ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നല്‍കാനുള്ളത് 36,057 കോടി
കഴിഞ്ഞ സര്‍ക്കാര്‍ ചെലവുകള്‍ കുറവാണെന്ന് കാണിക്കാന്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിലൂടെ പുതിയ സര്‍ക്കാരിന്റെ തലയിലേക്ക് വലിയൊരു ചതിക്കുഴിയാണ് വീണിരിക്കുന്നത്.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക: 21,670 കോടി രൂപ
പെന്‍ഷന്‍കാരുടെ ക്ഷാമബത്ത കുടിശ്ശിക: 14,387 കോടി രൂപ
ആകെ കുടിശ്ശിക (ബാങ്കുകളും കരാറുകാരും ഉള്‍പ്പെടെ): 48,733 കോടി രൂപ
ഈ ഭീമമായ തുക നല്‍കാതെ സംസ്ഥാനത്തിന് ഇനി മുന്നോട്ട് പോകാനാകില്ല. ഇത് അടുത്ത കാലത്തൊന്നും തീര്‍ക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണ്ണമാണ്.
കിഫ്ബി ബാധ്യത 21,000 കോടി; പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 78,851 കോടിയായി ഉയര്‍ന്നു
ബജറ്റിന് പുറത്തുള്ള സമാന്തര ധനസമാഹരണ സംവിധാനമായ കിഫ്ബി വരുത്തിവെച്ച ബാധ്യത ചെറുതല്ല. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടി രൂപയാണ്. കൂടാതെ 35,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇനിയും ഫണ്ട് കണ്ടെത്തേണ്ടതുമുണ്ട്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകള്‍ പ്രകാരം കിഫ്ബിയുടെ കടങ്ങള്‍ സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടമായി മാറിയത് ഔദ്യോഗിക കടമെടുപ്പ് പരിധിയെ വെട്ടിച്ചുരുക്കാന്‍ കേന്ദ്രത്തിന് കാരണമായി. കിഫ്ബി ഫണ്ട് വിനിയോഗത്തില്‍ പ്രാദേശികമായ അസന്തുലിതാവസ്ഥയുണ്ടെന്നും കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം എന്നീ മൂന്ന് ജില്ലകള്‍ മാത്രമായി മൊത്തം തുകയുടെ പകുതിയോളം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2021-22 ലെ 31,571 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 78,851 കോടി രൂപയായി ഉയര്‍ന്നു. കെ.എസ്.ആര്.ടി.സി, വാട്ടര്‍ അതോറിറ്റി എന്നിവയാണ് പ്രധാന ബാധ്യത. ബിവറേജസ് കോര്‍പ്പറേഷനും സപ്ലൈകോയും തമ്മില്‍ ലയിപ്പിച്ച് ഒരൊറ്റ കോര്‍പ്പറേഷനാക്കി മാറ്റുന്നതിലൂടെ നികുതി ബാധ്യത കുറയ്ക്കാനും നഷ്ടം നികത്താനും സാധിക്കുമെന്നാണ് നിര്‍ദ്ദേശം.
കേന്ദ്ര വിഹിതത്തില്‍ 20,000 കോടിയുടെ കുറവിന് സാധ്യത; വികസന വിഹിതം 3.85 ശതമാനമായി ഇടിഞ്ഞു
സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനത്തില്‍ ബജറ്റ് ലക്ഷ്യത്തേക്കാള്‍ പത്ത് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തുന്നത്. റവന്യൂ കമ്മി ഇല്ലാതാക്കണമെന്ന ധന ഉത്തരവാദിത്ത നിയമം തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. ചരക്ക് സേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാരവും കേന്ദ്രത്തിന്റെ റവന്യൂ കമ്മി ഗ്രാന്റും നിര്‍ത്തലാക്കിയത് പ്രതിസന്ധിയുടെ ആഴം കൂട്ടി. വരാനിരിക്കുന്ന ബജറ്റില്‍ കേന്ദ്ര വിഹിതത്തില്‍ 20,000 കോടി രൂപയുടെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വികസന ചെലവുകളെയാണ്. മൊത്തം ചെലവില്‍ പ്ലാന്‍ ഫണ്ടിന്റെ വിഹിതം 18 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമത്തിനായുള്ള വിഹിതം 2017-18 ലെ 9.24 ശതമാനത്തില്‍ നിന്ന് 2025-26 ല്‍ 3.85 ശതമാനമായി കുത്തനെ ഇടിഞ്ഞു. കൃഷി, വിദ്യാഭ്യാസം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സഹായം എന്നിവയിലും വലിയ കുറവുണ്ടായി.
കെ.എം. ചന്ദ്രശേഖര്‍ സമിതിയുടെ ശുപാര്‍ശകള്‍
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ചുരുങ്ങിയ കാലയളവിലേക്കുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രം സാധിക്കില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയും നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കണം. സര്‍ക്കാര്‍ ഫണ്ടിന്റെ കുറവ് നികത്താന്‍ സ്വകാര്യ-സഹകരണ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കണം. ഭൂമി, തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വെനിസ്വേല കഴിഞ്ഞു; ഇനി ഇറാന്! ലക്ഷ്യം എണ്ണപ്പാടങ്ങള്‍; അമേരിക്കയുടെ കണ്ണു മഞ്ഞളിക്കുന്നത് ഇറാന്റെ കറുത്ത പൊന്നില്‍; ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്കോ? ചൈനയെ തകര്‍ക്കാന്‍ ഇറാന്!





