കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ പൈതൃകം അവകാശപ്പെട്ട് ഇടതുമുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് (എം) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റിലും ദയനീയമായി പരാജയപ്പെട്ടതോടെ ജോസ് കെ. മാണിയും കൂട്ടരും ഇടതുമുന്നണി വിടാനൊരുങ്ങുന്നതായാണ് സൂചന. എന്നാല്‍, മടക്കയാത്രയില്‍ കോണ്‍ഗ്രസ് കൈപിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തത് പാര്‍ട്ടിയെ രാഷ്ട്രീയമായി അനാഥമാക്കുമോ എന്ന ഭീതിയിലാണ് അണികള്‍.
പാലായില്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീണതോടെ പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം പരസ്യമായ കലാപത്തിലേക്ക് നീങ്ങുകയാണ്. തോല്‍വിക്ക് കാരണം റോഷി അഗസ്റ്റിനാണെന്ന കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉയരുന്നത്. മുന്നണി മാറ്റത്തിനുള്ള സുവര്‍ണ്ണാവസരം ലഭിച്ചപ്പോള്‍ അത് റോഷി അട്ടിമറിച്ചുവെന്നും പാര്‍ട്ടിയെ ഇടതുപാളയത്തില്‍ തളച്ചിട്ട് ഒറ്റുകൊടുത്തുവെന്നുമാണ് ഒരു വിഭാഗം അണികളുടെ ആരോപണം.
യുഡിഎഫുമായി രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്ന ഘട്ടത്തില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന് ചോര്‍ത്തി നല്‍കിയത് റോഷി അഗസ്റ്റിനും പ്രമോദ് നാരായണനുമാണെന്ന ആക്ഷേപം ശക്തമാണ്. യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിഞ്ഞ് മുന്നണി മാറാന്‍ ജോസ് കെ. മാണി ആഗ്രഹിച്ചിരുന്നെങ്കിലും, റോഷി അഗസ്റ്റിനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ നീക്കങ്ങള്‍ പാളുകയായിരുന്നുവെന്ന് പാര്‍ട്ടിയിലെ വിമതര്‍ ആരോപിക്കുന്നു. റോഷിയുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ ബലികൊടുത്തു എന്ന വികാരമാണ് കോട്ടയത്തെ അണികള്‍ക്കിടയിലുള്ളത്.
അഴിമതി ആരോപണങ്ങളും സ്വത്തുസമ്പാദന പരാതികളും ഉയര്‍ത്തി മുഖ്യമന്ത്രി റോഷിയെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍. റോഷിയുടെ ഭയം കാരണം പാര്‍ട്ടിക്ക് കിട്ടേണ്ടിയിരുന്ന രാഷ്ട്രീയ മൈലേജ് നഷ്ടമായി. മുന്നണി മാറ്റം സംഭവിച്ചിരുന്നെങ്കില്‍ യുഡിഎഫ് തരംഗത്തില്‍ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാലായും ഇടുക്കിയും കാഞ്ഞിരപ്പള്ളിയും കൈവിട്ട് പാര്‍ട്ടി നിലയില്ലാക്കയത്തിലായിരിക്കുകയാണ്.
കെ.എം. മാണി വളര്‍ത്തിയെടുത്ത പ്രസ്ഥാനം ഇന്ന് ഒന്നുമല്ലാതായി തീര്‍ന്നുവെന്ന വിലാപമാണ് അണികള്‍ പങ്കുവെക്കുന്നത്. പി.ജെ. ജോസഫിനെ നേരിടാന്‍ ഇടതുമുന്നണിയിലെത്തിയ ജോസ് കെ. മാണിക്ക് ഇപ്പോള്‍ സ്വന്തം തട്ടകമായ കോട്ടയത്ത് പോലും നിലനില്‍പ്പില്ലാത്ത അവസ്ഥയാണ്. എല്‍ഡിഎഫില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞ ജോസ് കെ. മാണി പ്രതിഷേധ സൂചകമായി മുന്നണി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, ജോസ് കെ. മാണിയെ വീണ്ടും യുഡിഎഫിലേക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ട്. പണ്ട് രാജ്യസഭാ സീറ്റും കെപിസിസി നേതൃത്വത്തിന്റെ ഉറപ്പുകളും ലംഘിച്ച് ഇടതുമുന്നണിയിലേക്ക് പോയ ജോസിനെ അത്ര എളുപ്പത്തില്‍ വിശ്വസിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പ്രത്യേകിച്ച് പി.ജെ. ജോസഫ് ഗ്രൂപ്പ് യുഡിഎഫില്‍ കരുത്താര്‍ജ്ജിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ ജോസ് കെ. മാണിയുടെ തിരിച്ചുവരവ് കോണ്‍ഗ്രസിന് തലവേദനയാകും.
മുസ്ലിം ലീഗും ജോസ് കെ. മാണിയുടെ കാര്യത്തില്‍ അത്ര താല്‍പ്പര്യമെടുക്കുന്നില്ല. മാണി ഗ്രൂപ്പ് ഇല്ലാതെ തന്നെ യുഡിഎഫിന് വലിയ വിജയം നേടാന്‍ കഴിയുമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ച സാഹചര്യത്തില്‍, തോറ്റ പാര്‍ട്ടിയെ എന്തിന് ചുമക്കണം എന്ന ചോദ്യമാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്. മുന്നണി വിട്ടാല്‍ എങ്ങോട്ട് പോകണമെന്നറിയാതെ രാഷ്ട്രീയമായ അനിശ്ചിതത്വത്തിലാണ് ജോസ് കെ. മാണിയിപ്പോള്‍.
പാര്‍ട്ടിക്കുള്ളില്‍ റോഷി അഗസ്റ്റിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമാണ്. റോഷിയെയും പ്രമോദ് നാരായണനെയും പുറത്താക്കി ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ യുഡിഎഫില്‍ ഒരിടം ലഭിക്കൂ എന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ ഇത്രയും വലിയ തോല്‍വിക്ക് ശേഷം പാര്‍ട്ടി പിളര്‍ന്നാല്‍ അത് കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്ത്യമാകുമോ എന്ന ആശങ്കയും ജോസ് കെ. മാണിക്കുണ്ട്.
ഇടതുമുന്നണിയില്‍ തുടര്‍ന്ന് കൂടുതല്‍ അപമാനം സഹിക്കേണ്ടതില്ലെന്ന വികാരം പാര്‍ട്ടി നേതൃയോഗങ്ങളില്‍ അലയടിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ജോസ് കെ. മാണി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയേക്കും. പക്ഷേ, അണികള്‍ ആഗ്രഹിക്കുന്നതുപോലെ യുഡിഎഫില്‍ ഒരു മാന്യമായ സ്ഥാനം ലഭിക്കണമെങ്കില്‍ വലിയ വിട്ടുവീഴ്ചകള്‍ക്ക് പാര്‍ട്ടി തയ്യാറാകേണ്ടി വരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബെംഗളൂരുവിലെ മലയാളി വിദ്യാർഥി ആദിത്യൻ്റെ മരണം: അധ്യാപകന്റെ പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേരെന്ന് സഹപാഠികൾ





