ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് രാജ്യസഭാംഗം രാഘവ് ഛദ്ദ പാർട്ടി വിട്ടു. ഇദ്ദേഹത്തിന് പുറമെ അശോക് മിത്തൽ, സന്ദീപ് പഥക് തുടങ്ങി ആറ് എഎപി എംപിമാരും ബിജെപിയിൽ ചേർന്നു. എഎപിയുടെ ധാർമിക മൂല്യങ്ങളിൽ മാറ്റം വന്നുവെന്നും പാർട്ടി സ്വന്തം നേട്ടത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് രാഘവ് ഛദ്ദയുടെ പടിയിറക്കം.
തന്റെ യുവത്വത്തിന്റെ 15 വർഷം വിയർപ്പൊഴുക്കി വളർത്തിയ പാർട്ടി ഇപ്പോൾ അതിന്റെ ധാർമിക മൂല്യങ്ങളിൽ നിന്ന് പൂർണമായും വ്യതിചലിച്ചുവെന്ന് രാഘവ് ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിച്ചിരുന്ന പാർട്ടി ഇന്ന് സ്വന്തം നേട്ടത്തിന് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
“തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണ് ഞാൻ. ഇത്രയും കാലം തെറ്റായ സ്ഥലത്താണ് നിന്നതെന്ന് ഇപ്പോൾ എനിക്ക് ബോധ്യമായിരിക്കുന്നു. ആംആദ്മി പാർട്ടിയുമായി ഇനി യാതൊരു ബന്ധവുമില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാനാണ് തീരുമാനം.” – രാഘവ് ഛദ്ദ പറഞ്ഞു.
തുടർച്ചയായി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്നും ഗൗരവമുള്ള വിഷയങ്ങളിൽ നിശബ്ദത പാലിക്കുന്നുവെന്നും ആരോപിച്ച് രാഘവ് ഛദ്ദയെ എഎപി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിശബ്ദനാക്കപ്പെട്ടെങ്കിലും പരാജയപ്പെട്ടിട്ടില്ലെന്ന് അന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന് രാഘവ് ഛദ്ദ സൂചന നൽകി. സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി തുടങ്ങിയവരും ബിജെപിയിലേക്ക് എത്തുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ തന്നെ കൂട്ടത്തോടെ പാർട്ടി വിടുന്നത് ദില്ലിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അസഭ്യവാക്കുകൾ എപ്പോഴും ‘അശ്ലീല’മാകില്ല;’ബാസ്റ്റഡ്’ പ്രയോഗത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി;അശ്ലീലത്തിന്റെ പരിധി വ്യക്തമാക്കി കോടതി





