ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്കെതിരെ രൂക്ഷമായ സാമൂഹ്യമാധ്യമ പ്രതിഷേധം. തീരുമാനത്തിന് പിന്നാലെ നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ള പ്രമുഖർ ഛദ്ദയെ പരിഹസിച്ച് രംഗത്തെത്തി. ബിജെപി പ്രവേശനത്തിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഛദ്ദയെ ‘അൺഫോളോ’ ചെയ്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ആം ആദ്മി പാർട്ടിയുടെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് ബിജെപിയിൽ ചേരുന്നതെന്ന ഛദ്ദയുടെ ന്യായീകരണത്തെ നടൻ പ്രകാശ് രാജ് ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങുമായി ഉപമിച്ചു. എക്സ് പ്ലാറ്റ്ഫോമിലായിരുന്നു പ്രകാശ് രാജിന്റെ വിമർശനം:
“‘കുറ്റകൃത്യങ്ങൾ തടയുക എന്ന ആശയത്തിൽ നിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാൽ ഞാൻ അവിടംവിടുന്നു. ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’ – രാഘവ് ഛദ്ദി”
യുവതലമുറയുടെ വലിയ പിന്തുണയുണ്ടായിരുന്ന നേതാവായിരുന്നു രാഘവ് ഛദ്ദ. എന്നാൽ ബിജെപി പ്രവേശനം പ്രഖ്യാപിച്ചതോടെ വലിയൊരു വിഭാഗം യുവാക്കൾ അദ്ദേഹത്തെ കൈവിട്ടു. 14.6 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, 24 മണിക്കൂറിനുള്ളിൽ ഫോളോവേഴ്സിന്റെ എണ്ണം 13.2 മില്യണായി കുറഞ്ഞു. ഏകദേശം 14 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് അദ്ദേഹത്തെ അൺഫോളോ ചെയ്തത്. ‘UnfollowRaghavChadha’ എന്ന ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിംഗായി മാറിയിരിക്കുകയാണ്.ബിജെപിയിലേക്കുള്ള ചുവടുമാറ്റം വ്യക്തമായതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിക്കുന്ന പഴയ പോസ്റ്റുകളെല്ലാം രാഘവ് ഛദ്ദ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തു.
രാഘവ് ഛദ്ദയ്ക്കൊപ്പം അശോക് മിത്തൽ, സന്ദീപ് പഥക് തുടങ്ങിയവരും പാർട്ടി വിട്ടതോടെ രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ അംഗബലം മൂന്നായി ചുരുങ്ങി. ഇത് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ബിജെപി പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യാണ് നടപ്പിലാകുന്നതെന്നും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പാർട്ടി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു.


കാവേരിക്ക് കുറുകെയുള്ള മേക്കേദാട്ടു അണക്കെട്ട് ; കർണാടകയുടെ നീക്കത്തിനെതിരെ നിയമനടപടി ശക്തമാക്കാൻ കർശന നിർദ്ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി
രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന പ്രചാരണം തള്ളി കേന്ദ്രം; ആശങ്ക വേണ്ടെന്ന് ഹർദീപ് സിങ് പുരി





