അസഭ്യവാക്കുകൾ എപ്പോഴും ‘അശ്ലീല’മാകില്ല;’ബാസ്റ്റഡ്’ പ്രയോഗത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി;അശ്ലീലത്തിന്റെ പരിധി വ്യക്തമാക്കി കോടതി

ന്യൂഡൽഹി: പ്രകോപനപരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ‘ബാസ്റ്റഡ്’  പോലുള്ള അസഭ്യവാക്കുകൾ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം എപ്പോഴും അശ്ലീലമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഐപിസി 294(ബി) വകുപ്പ് പ്രകാരം, അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് കൊണ്ടുമാത്രം അത് അശ്ലീലമാകില്ലെന്ന് ജസ്റ്റിസുമാരായ പമിദിഗന്ധം ശ്രീ നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തമിഴ്‌നാട്ടിൽ 2014-ലുണ്ടായ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പേരുടെ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. തർക്കത്തിനിടെ അസഭ്യം പറഞ്ഞു എന്നതുകൊണ്ട് മാത്രം ഒരാൾക്കെതിരെ അശ്ലീല നിരോധന നിയമപ്രകാരം കുറ്റം ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.
 കേവലം വ്യക്തികളെ അലോസരപ്പെടുത്തുന്നതോ അരോചകമായതോ ആയ വാക്കുകളല്ല അശ്ലീലം. ഒരു വ്യക്തിയിൽ ലൈംഗികമോ കാമവികാരമോ ഉണർത്താൻ പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ വാക്കുകളോ ആണ് അശ്ലീലമെന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിക്ക് അസഭ്യം നിറഞ്ഞ ഭാഷ അരോചകവും, മര്യാദയില്ലാത്തതും, അനുചിതവുമാണെന്ന് തോന്നിയേക്കാം. എന്നാൽ അത്തരം വാക്കുകൾ മര്യാദശീലത്തിന് നിരക്കാത്തതാണെങ്കിലും അവ ‘അശ്ലീലം’ എന്ന നിയമപരമായ പരിധിയിൽ വരില്ല.
പൊതുസ്ഥലത്ത് അശ്ലീലമായ പാട്ടുകൾ പാടുകയോ വാക്കുകൾ ഉച്ചരിക്കുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്. എന്നാൽ ഇവിടെ ഉപയോഗിച്ച വാക്കുകൾ അധിക്ഷേപകരമാണെങ്കിലും ലൈംഗിക ചോദന ഉണർത്തുന്നവയല്ലെന്ന് കോടതി നിരീക്ഷിച്ചു.അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മോശമായ കാര്യമാണെങ്കിലും അത് ഐപിസി 294(ബി) വകുപ്പിന്റെ പരിധിയിൽ കൊണ്ടുവരുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അശ്ലീലത സംബന്ധിച്ച പഴയ നിയമവ്യാഖ്യാനങ്ങളിൽ വ്യക്തത വരുത്തുന്നതാണ് സുപ്രീം കോടതിയുടെ ഈ പുതിയ വിധി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.