ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു, കേരളത്തിൽ എൻഡിഎ വരും; വികസന മുരടിപ്പിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

തിരുവല്ല: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും സംസ്ഥാനത്ത് എൻഡിഎ സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇപ്പോൾ പ്രകടമാകുന്നത് ബിജെപി അനുകൂല തരംഗമാണെന്നും മാറ്റത്തിന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിലെ വികസന മുരടിപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. “കേരളത്തിൽ വികസനത്തിന് വൻ സാധ്യതകളാണുള്ളത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വികസനത്തിൽ ഏറെ പിന്നിലാണ്. ഗ്രാമീണ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥിതിയും മോശമാണ്,” മോദി പറഞ്ഞു. കോൺഗ്രസ് ഭരണകാലത്തേക്കാൾ അഞ്ച് മടങ്ങ് അധികം സഹായം ബിജെപി സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിലെ കർഷകർക്കായി 13,000 കോടി രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചു. എൻഡിഎ അധികാരത്തിൽ വന്നാൽ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ മുൻഗണന നൽകി പരിഹരിക്കും. പിഎം ആവാസ് യോജനയിലൂടെ പതിനായിരങ്ങൾക്ക് വീടും ജൽജീവൻ മിഷനിലൂടെ കുടിവെള്ളവും എത്തിച്ചു. ശബരി റെയിൽപാത യാഥാർത്ഥ്യമാകുന്നതോടെ തൊഴിലവസരങ്ങളും വികസനവും വർദ്ധിക്കും. വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ ബിജെപി മികച്ച ഭരണം കാഴ്ചവെക്കുന്നുണ്ടെന്നും അവിടെയെല്ലാം വലിയ വികസനം ഉണ്ടായെന്നും മോദി ചൂണ്ടിക്കാട്ടി.പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് സീറ്റ് ഉറപ്പാക്കുന്ന നിയമം ഏകകണ്ഠമായി പാസാക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി.

തിരുവല്ലയിലെ പൊതുസമ്മേളനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രി തലസ്ഥാന നഗരിയിൽ വിപുലമായ റോഡ് ഷോയിലും പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവർക്കൊപ്പം അദ്ദേഹം വോട്ടർമാരെ അഭിവാദ്യം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ എൻഡിഎ ക്യാമ്പുകളിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.