900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി; പത്താം വർഷത്തിൽ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് മുന്നണി എന്ന നിലയിലുള്ള ഉത്തരവാദിത്തത്തോടെയാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി നൽകിയ വാഗ്ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദമായി വിശകലനം ചെയ്തു. 2016-ൽ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയിരുന്നു. തുടർച്ചയായ രണ്ടാം ഭരണത്തിൽ 2021-ൽ നൽകിയ 900 വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും ലക്ഷ്യത്തിലെത്തി. ബാക്കിയുള്ളവ നടപ്പിലാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
 സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് വഴി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി. ഇതിലൂടെ 20 ലക്ഷം ഗുണഭോക്താക്കൾക്ക് തലചായ്ക്കാൻ ഇടമുണ്ടായി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. ഡിജിറ്റൽ സർവേ നടപടികൾ പുരോഗമിക്കുന്നതിനാലാണ് പട്ടയവിതരണം അഞ്ച് ലക്ഷം കവിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു. തീരദേശവാസികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും നിർമ്മിച്ച് കൈമാറി. ദേശീയപാത വികസനം, മലയോര-തീരദേശ ഹൈവേകൾ, തുരങ്കപാത എന്നിവയുടെ നിർമ്മാണത്തിലെ പുരോഗതിയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു കേരളത്തിന്റെ വികസന ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമാണിതെന്നും ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കാൻ സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.